| Monday, 24th August 2020, 8:34 pm

കത്തയച്ചവരോട് യാതൊരു വിദ്വേഷവുമില്ല, ഇപ്പോള്‍ പോരാടേണ്ടത് രാജ്യത്തെ പരാജയപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ: സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച നേതാക്കളോട് ഒരു തരത്തിലുള്ള മോശം ചിന്താഗതിയും വെച്ചു പുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗാന്ധി. എത്ര പ്രശ്‌നങ്ങളുണ്ടെങ്കിലും ഒടുവില്‍ എല്ലാവരും ഒരുമിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി പറഞ്ഞതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

‘ആരുമായും ഒരു തരത്തിലുമുള്ള വിദ്വേഷവുമില്ല. എല്ലാവരെയും കുടുംബാംഗങ്ങളെപോലെയാണ് കരുതുന്നത്,’ സോണിയാ ഗാന്ധിയെ ഉദ്ധരിച്ച് സുര്‍ജേവാല പറഞ്ഞു.

രാജ്യത്തെ പരാജയപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പോരാടേണ്ട സമയമാണിതെന്നും സോണിയാഗാന്ധി പറഞ്ഞതായി സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.

‘നമ്മളെല്ലാവരും ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണ്. നമുക്ക് പലകാര്യങ്ങളിലും തമ്മില്‍ വ്യത്യാസങ്ങളുണ്ടാകുമെങ്കിലും അവസാനം എല്ലാവരും ഒന്നിക്കും. ഇത് രാജ്യത്തെ പരാജയപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെ പോരാടേണ്ട സമയമാണ്,’ സോണിയാ ഗാന്ധി പറഞ്ഞു.

പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്ത് ഇടക്കാലത്തേക്ക് സോണിയാ ഗാന്ധി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍. ആറു മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്തുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ അറിയിക്കുന്നു.

നേതൃമാറ്റം ആവശ്യപ്പെട്ട് കത്ത് നല്‍കിയ 23 മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും കത്ത് പുറത്ത് വിട്ടവര്‍ക്കെതിരെയും നടപടി വേണമെന്ന് ചില പ്രവര്‍ത്തക സമിതിയംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സോണിയാ ഗാന്ധി ഇത് വിസമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടു കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല നേരത്തെ പ്രതികരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Sonia Gandhi says she has no ill will against the dissenters who wrote the letter

We use cookies to give you the best possible experience. Learn more