ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഇന്ത്യ തുടര്‍ന്നും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോണിയ ഗാന്ധി
national news
ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഇന്ത്യ തുടര്‍ന്നും സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th July 2022, 5:19 pm

ന്യൂദല്‍ഹി: ശ്രീലങ്കയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാവും ഇടക്കാല പ്രസിഡന്റുമായ സോണിയ ഗാന്ധിയാണ് ശ്രീലങ്കയിലെ പ്രതിസന്ധി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

”ശ്രീലങ്കയിലെ രാഷ്ട്രീയ അന്തരീക്ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആശങ്കയോടെ പിന്തുടരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി, വില വര്‍ധന, ഭക്ഷ്യക്ഷാമം, ഇന്ധനക്ഷാമം, മറ്റ് പ്രതിസന്ധികള്‍ എന്നിവ കാരണം അവിടത്തെ ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളും ദുരിതങ്ങളുമാണ് ഉണ്ടായിരിക്കുന്നത്.

പ്രതിസന്ധിയുടെ ഈ നിമിഷത്തില്‍ ശ്രീലങ്കയോടും അവിടത്തെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടി. രാജ്യത്തെ ജനങ്ങള്‍ക്ക് ഈ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ ശ്രീലങ്കന്‍ സര്‍ക്കാരിനും അവിടത്തെ ജനങ്ങള്‍ക്കും സഹായം നല്‍കുന്നത് തുടരുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” സോണിയ ഗാന്ധി പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കക്ക് വേണ്ടി എല്ലാ സഹായങ്ങളും എത്തിക്കുന്നതിനും പിന്തുണ നല്‍കുന്നതിനും അന്താരാഷ്ട്ര ജനതയോടും സോണിയ ഗാന്ധി ആഹ്വാനം ചെയ്തു.

അതേസമയം ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷമായി തന്നെ തുടരുകയാണ്. ശനിയാഴ്ച നൂറുകണക്കിന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് ഇരച്ചുകയറിയിരുന്നു. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.

സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറിയ പ്രക്ഷോഭകര്‍ വസതിയിലെ സാധനങ്ങള്‍ തല്ലിതകര്‍ക്കുന്നതിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും നീന്തല്‍ക്കുളത്തില്‍ കുളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

രജപക്സെയുടെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായും ശ്രീലങ്കന്‍ മാധ്യമമായ ഡെയ്ലി മിററിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ കറന്‍സി നോട്ടുകള്‍ എണ്ണുന്നതായി അവകാശപ്പെടുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതേസമയം, ബുധനാഴ്ച രാജിവെക്കാമെന്ന് ഗോതബയ രജപക്‌സെ സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഗോതബയ നിലവില്‍ എവിടെയാണ് ഉള്ളതെന്ന് വ്യക്തമല്ല.

പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേരത്തെ തന്നെ രാജി വെച്ചിരുന്നു. ടൂറിസം മന്ത്രി ഹാരിന്‍ ഫെര്‍ണാണ്ടോ തൊഴില്‍ വകുപ്പ് മന്ത്രി മാനുഷ നനയക്കര എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

രാജിക്ക് പിന്നാലെ റനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകര്‍ തീകൊളുത്തിയിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.

Content Highlight: Sonia Gandhi says Congress expresses solidarity with Sri Lanka