പാര്‍ട്ടിയുടെ ചരമക്കുറിപ്പ് വരെ എഴുതിയവരുണ്ട്; രാഹുലിന്റെ ദൃഢനിശ്ചയത്തിന് നന്ദി: സോണിയ ഗാന്ധി
national news
പാര്‍ട്ടിയുടെ ചരമക്കുറിപ്പ് വരെ എഴുതിയവരുണ്ട്; രാഹുലിന്റെ ദൃഢനിശ്ചയത്തിന് നന്ദി: സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 4:47 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ടത് വലിയ വെല്ലുവിളികളെന്ന് സോണിയ ഗാന്ധി. പാര്‍ട്ടിയുടെ ചരമക്കുറിപ്പ് വരെ എഴുതിയവരുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ശക്തമായി കോണ്‍ഗ്രസ് മുന്നോട്ട് വരികയായിരുന്നുവെന്ന് സോണിയ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി എം.പിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

തന്നില്‍ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. കഠിനമായ പരിശ്രമത്തിലൂടെയും യുക്തിപൂര്‍ണമായ പ്രചരണത്തിലൂടെയും സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ലോക്‌സഭയില്‍ കൂടുതല്‍ കരുത്തോടെ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

പാര്‍ട്ടിയ്ക്ക് പ്രചോദനമായ രണ്ട് കാര്യങ്ങളെ കുറിച്ച് സോണിയ ഗാന്ധി എടുത്തുപറയുകയുണ്ടായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ ന്യായ് യാത്രയാണ് അതിലൊന്ന്. രാഹുലിന്റെ ദൃഢനിശ്ചയത്തോട് കൂടിയ രാഷ്ട്രീയ പോരാട്ടത്തിന് സോണിയ ഗാന്ധി നന്ദിയറിയിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചരണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതായിരുന്നു. ഭരണഘടനയുടെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു നമ്മുടേത്. ആ പോരാട്ടത്തിനൊടുവില്‍ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയെ കൈയിലെടുത്ത് വണങ്ങിയതില്‍ നിന്ന് മനസിലാകുന്നത്, പാര്‍ട്ടിയുടെ പ്രചരണം രാജ്യത്ത് വലിയ സ്വാധീനം ചെലുത്തിയെന്നാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടിയെ സാമ്പത്തികമായും മറ്റും തളര്‍ത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെയും കോണ്‍ഗ്രസിലെയും നേതാക്കള്‍ക്കെതിരെ സംഘടിതമായി വ്യാജ പ്രചരണങ്ങള്‍ നടന്നു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചുവെന്നാണ് സോണിയ പറഞ്ഞത്.

അതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പങ്ക് വളരെ വലുതാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ മൂല്യങ്ങളും പ്രവൃത്തികളും മറ്റു നേതാക്കള്‍ക്ക് വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. സാമൂഹ്യ നീതിക്ക് വേണ്ടി ജനങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ അത് തന്നെയാവണം നമ്മുടെ മാര്‍ഗവും ലക്ഷ്യവും എന്നും സോണിയ ഗാന്ധി പറഞ്ഞു.

Content Highlight: Sonia Gandhi said that Congress faced big challenges in the Lok Sabha elections