പരസ്യങ്ങളും വിദേശയാത്രയും ഒഴിവാക്കി ചിലവ് നിയന്ത്രിക്കൂ; കൊവിഡിനെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന് സോണിയ ഗാന്ധിയുടെ അഞ്ച് നിര്‍ദേശങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് വര്‍ഷത്തേക്ക് എം.പി ഫണ്ട് ഉള്‍പ്പെടെ റദ്ദ് ചെയ്ത് ഫണ്ട് സമാഹരണത്തിനൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് സോണിയ ഗാന്ധി. എം.പിമാരുടെ ശമ്പളം, അലവന്‍സ് തുടങ്ങിയവയില്‍ 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വച്ച മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1 സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് പൂര്‍ണ്ണ നിരോധനം

പത്രമാധ്യമങ്ങളിലൂടെയുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണം.കൊവിഡ് 19 നുമായി ബന്ധപ്പെട്ട പൊതുജന ആരോഗ്യ സംബന്ധമായ വിഷയങ്ങളിലൊഴികെ മറ്റൊന്നിനും പത്ര പരസ്യത്തിന് വേണ്ടി പണം ചിലവാക്കരുത്. 1250 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പരസ്യത്തിനായി ഇതുവരെ ചിലവഴിച്ചത് എന്ന വസ്തുതയും സോണിയ ഗാന്ധി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഓര്‍മ്മിപ്പിച്ചു.

2 സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നിര്‍ത്തുക

20,000 കോടി ചിലവാക്കി രാഷ്ട്രപതിഭവന്‍ മുതല്‍ ഇന്ത്യാഗേറ്റ് വരെയുള്ള 3 കിലോമീറ്റര്‍ ഭാഗം പുനര്‍നിര്‍മ്മിക്കാനുള്ള സെന്‍ട്രല്‍ വിസ്റ്റ പദ്ധതി നിര്‍ത്തിവെക്കണം. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ലമെന്റും പരിസരവും മോടിപിടിപ്പിക്കുന്നത് ഉചിതമല്ല. പാര്‍ലമെന്റിന് ഏറെ ചരിത്രപ്രാധാന്യമുള്ള ആ പഴയകെട്ടിടങ്ങളില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്. പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന തുക ആശുപത്രികളും, ചികിത്സാ സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കണം. പി.പി.ഇ കിറ്റുകള്‍ക്ക് വേണ്ടിയും തുക ഉപയോഗപ്പെടുത്താം

3 ബജറ്റ് എക്‌സ്പന്‍ണ്ടിച്ചറില്‍ 30 ശതമാനത്തിന്റെ കുറവ് വരുത്തുക

ബജറ്റില്‍ വകയിരുത്തിയ എക്‌സ്പന്‍ണ്ടിച്ചറില്‍ മുപ്പത് ശതമാനത്തിന്റെ കുറവ് വരുത്തണം. 30 ശതമാനം കുറവ് എന്നാല്‍ പ്രതിവര്‍ഷം 2.5 ലക്ഷം കോടി രൂപ ലാഭിക്കാം എന്നാണ് അര്‍ത്ഥം. ഇത്തരത്തില്‍ ലാഭിക്കുന്ന തുക അതിഥി സംസ്ഥാന തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കു വേണ്ടിയും ഉപയോഗപ്പെടുത്താം. എന്നാല്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷനുകള്‍, സെന്‍ട്രല്‍ സ്‌കീം തുടങ്ങിയവയെ ഇത് ബാധിക്കരുത്.

4 മന്ത്രിമാരുടെ വിദേശയാത്രകള്‍ നിര്‍ത്തലാക്കുക

393 കോടി രൂപയാണ് മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ചെലവാക്കിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, മുഖ്യമന്ത്രിമാര്‍, സംസ്ഥാനങ്ങളിലെ മറ്റ് മന്ത്രിമാര്‍ തുടങ്ങി എല്ലാ മന്ത്രിമാരുടെയും വിദേശ യാത്രകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കണം.

5 പി.എം കെയര്‍ തുക പി.എം.എന്‍.ആര്‍.എഫിലേക്ക് മാറ്റുക

പി.എം കെയറിലേക്ക് സംഭാവനയായി ലഭിച്ച എല്ലാ തുകയും വര്‍ഷങ്ങളായി തികച്ചും സുതാര്യമായി നടക്കുന്ന പി.എം.എന്‍.ആര്‍.എഫിലേക്ക് ഉടന്‍ തന്നെ നീക്കണം. നിലവില്‍ 3800 കോടി രൂപയോളം പി.എം.എന്‍.ആര്‍.എഫില്‍ ഉപയോഗിക്കാതെ കിടക്കുന്നുണ്ട് എന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഞായറാഴ്ച്ച കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസില്‍ നിന്നും നിര്‍ദേശങ്ങള്‍ ആരാഞ്ഞതിനെ തുടര്‍ന്നായിരുന്നു സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ എം.പി ഫണ്ട് രണ്ട് വര്‍ഷത്തേക്ക് റദ്ദ് ചെയ്തതിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് ഉയരുമ്പോഴും വിഷയത്തെക്കുറിച്ച് സോണിയ ഗാന്ധി കത്തില്‍ പ്രതിപാദിച്ചില്ല. എം.പി ലാഡ്‌സില്‍ നിന്നുള്ള ഫണ്ടായിരുന്നു സര്‍ക്കാര്‍ റദ്ദ് ചെയ്തത്. എം.പി.ലാഡ്‌സ് അഥവാ മെംബേഴ്‌സ് ഓഫ് പാര്‍ലമെന്റ് ലോക്കല്‍ ഏരിയ ഡെവലപ്‌മെന്റ് സ്‌കിം എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ എംപിക്കും തങ്ങളുടെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ അഞ്ച് കോടി അനുവദിക്കുന്ന പദ്ധതിയാണ്. തീര്‍ത്തും സുതാര്യമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എം.പിലാഡ്‌സ് മുഖേന വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതുകൊണ്ടു തന്നെ എം.പിലാഡ്‌സ് വഴി ഫണ്ട് അനുവദിക്കുന്നത് രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ നേരത്തെ ശശി തരൂര്‍ എം.പി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

ഗുജറാത്തിനേക്കാള്‍ കൊവിഡ് കേസുകളുള്ള കേരളത്തിന് 157 കോടിയും ഗുജറാത്തിന് 662 കോടിയുമാണ് കേന്ദ്രം നല്‍കിയത്. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ എം.പി ഫണ്ട് റീഅലോക്കേറ്റ് ചെയ്യുന്നതിലും ഉണ്ടാകുമോ എന്നും തരൂര്‍ ചോദിച്ചിരുന്നു. കൊവിഡിന്റെ മറവില്‍ നടപ്പിലാക്കുന്ന തീര്‍ത്തും ജനാധിപത്യ വിരുദ്ധനയം എന്നാണ് എം.പിമാര്‍ക്ക് തങ്ങളുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഫണ്ട് രണ്ട് വര്‍ഷത്തേക്ക് റദ്ദ് ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിമര്‍ശനം.

പദ്ധതി നിര്‍ത്തിവെക്കുന്നത് കേന്ദ്ര സര്‍ക്കാരിന് താത്പര്യമുള്ള പ്രദേശങ്ങളില്‍ മാത്രം വികസനം നടപ്പാക്കുന്നതിന് ഇടയാക്കുമെന്നും ഇന്ത്യയുടെ ക്വാസി ഫെഡറല്‍ സിസ്റ്റത്തെ തന്നെ നിര്‍ജീവമാക്കുന്നതിന് ഇത് വഴിവെക്കുമെന്നും നിരവധി കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് എം.പി ഫണ്ട് എത്തിയാല്‍ വലിയ അനീതകള്‍ക്കാകും വഴിവെക്കുക എന്ന ആശങ്കയും പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടിയിലുണ്ട്.

എം.പി ഫണ്ട് വെട്ടിക്കുറച്ച് കൊവിഡ്-19നുള്ള ഫണ്ട് കണ്ടെത്താന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍, പരസ്യങ്ങളും വിദേശയാത്രകളുമടക്കം ഒഴിവാക്കാനുള്ള സോണിയ ഗാന്ധിയുടെ നിര്‍ദേശം കൂടി പരിഗണിക്കുമോയെന്ന് നോക്കാം.