ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബുധനാഴ്ച ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും.
അധ്യക്ഷ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഖാര്‍ഗെക്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കും. പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും. അധ്യക്ഷനായ ശേഷം ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമാണിത്.
24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി എത്തുന്നത്.
സോണിയ ഗാന്ധിയുടെ വിടവാങ്ങലിനും ഇന്ന് രാജ്യ തലസ്ഥാനം സാക്ഷിയാകും. വലിയ തിരിച്ചുവരവിലും ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തിരിച്ചടിയുടെയും കാലത്ത് 22 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച ശേഷമാണ് സോണിയ ഗാന്ധി അധ്യക്ഷ പദമൊഴിയുന്നത്.
1998 മാര്‍ച്ച് 14നാണ് 18ാമത് കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെടുന്നത്. രാജീവ് ഗാന്ധിയുടെ മരണത്തിന് ഏഴ് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്.
മധ്യപ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ഒറീസ എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് അന്ന് അധികാരത്തിലിരുന്നത്. അവിടെ നിന്ന് 2004ലെ പൊതുതെരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാനും 2009ല്‍ വിജയം ആവര്‍ത്തിക്കാനും സോണിയക്കായി.
2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ തന്നെ കോണ്‍ഗ്രസിന്റെ വലിയ പരാജയത്തിനും സോണിയ സാക്ഷിയയി. അതിനിടയില്‍ 2004ല്‍ സോണിയ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എല്ലാവരും ഉറച്ചുവശ്വസിച്ചെങ്കിലും പല എതിര്‍പ്പുകളെയും തുടര്‍ന്ന് ഈ സ്ഥാനം സോണിയ മന്‍മോഹന്‍ സിങ്ങിന് കൈമാറുകയായിരുന്നു.
Content Highlight: Sonia Gandhi’s downfall, Mallikarjun Kharge will take charge as the new President of Congress