ന്യൂദല്‍ഹി: രാജ്യത്തു സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജന്മദിനം ആഘോഷിക്കില്ലെന്ന തീരുമാനവുമായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. തിങ്കളാഴ്ചയാണ് സോണിയയുടെ 73-ാം ജന്മദിനം.
ഉന്നാവോയില്‍ ലൈംഗികാക്രമണത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തികൊന്ന സംഭവത്തിനു ശേഷമാണ് സോണിയ ഈ തീരുമാനത്തിലെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകളുടെ സുരക്ഷയില്‍ സോണിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതിനിടെ ഉന്നാവോയിലെ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. 12.30-ഓടെയാണു സംസ്‌കാരം നടന്നത്.
വെള്ളിയാഴ്ച രാത്രി 11.40-നു ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു പെണ്‍കുട്ടി മരിച്ചത്.
കേസ് അതിവേഗ കോടതിയില്‍ കേള്‍ക്കുമെന്നും പ്രതികള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യോഗി നേരത്തേ പറഞ്ഞിരുന്നു. കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നല്‍കാനും തീരുമാനമായിരുന്നു. അതിനിടെ തനിക്കു ജോലി വേണമെന്നു പെണ്‍കുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ വിവിധ കോണുകളില്‍ നിന്നു രൂക്ഷവിമര്‍ശനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്.
എന്നാല്‍ ഇതിനെതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു രംഗത്തെത്തിയിരുന്നു. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ഇത്തരം സംഭവങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.