| Wednesday, 25th November 2020, 9:20 am

'പകരംവെക്കാനില്ലാത്ത സഖാവിനെയാണ് എനിക്ക് നഷ്ടപ്പെട്ടത്'; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ അഹമ്മദ് പട്ടേല്‍ മരണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ അസ്വാരസ്യങ്ങളിലെല്ലാം സോണിയാഗാന്ധിക്കൊപ്പം വിശ്വസ്തതയോടെ നിലകൊണ്ട നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. അദ്ദേഹത്തിന്റെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനമറിയിച്ച് രംഗത്തെത്തിയത്.

തനിക്ക് നഷ്ടമായത് പകരം വെക്കാനില്ലാത്ത ഒരു സഖാവിനെയും സഹപ്രവര്‍ത്തകനെയുമാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി പറഞ്ഞത്.

‘പാര്‍ട്ടിക്ക് വേണ്ടി ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. ചെയ്യുന്ന ജോലിയില്‍ അദ്ദേഹം പുലര്‍ത്തുന്ന വിശ്വാസ്യതയും അര്‍പ്പണ ബോധവും പ്രതിജ്ഞാബദ്ധതയും, എപ്പോഴും സഹായിക്കാനുള്ള മനസ്സും, അദ്ദേഹത്തിന്റെ മഹാമനസ്‌കത തുടങ്ങിയവയുമെല്ലാം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്ന ഘടകമാണ്,’ സോണിയാ ഗാന്ധി എഴുതി.

‘എനിക്ക് നഷ്ടപ്പെട്ടത് പകരം വെക്കാനില്ലാത്ത, വിശ്വസ്തനായ സഖാവിനെ കൂടിയാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഞാന്‍ എന്റെ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കുടുംബത്തോട് ഞാന്‍ എന്റെ സഹാനുഭൂതിയും പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും സോണിയ അനുശോചനക്കുറിപ്പിലെഴുതി.

വര്‍ഷങ്ങളായി സോണിയാ ഗാന്ധിയുടെ സെക്രട്ടറിയായിരുന്ന അദ്ദേഹം സോണിയയുടെ വിശ്വസ്തനായാണ് എക്കാലത്തും അറിയപ്പെട്ടത്.

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്ന അഹമ്മദ് നെഹ്‌റു കുടുംബവുമായി നേരത്തെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഉപദേശകനായും അഹമ്മദ് പട്ടേല്‍ ഉണ്ടായിരുന്നു.

1977ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഭറൂച്ചില്‍ നിന്നാണ് ആദ്യമായി മത്സരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന 28 കാരനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തത് ഇന്ദിരാ ഗാന്ധിയായിരുന്നു.

സോണിയാ ഗാന്ധി നിശ്ചയിക്കുന്ന സഖ്യങ്ങള്‍, രാഷ്ട്രീയ തീരുമാനങ്ങള്‍ തുടങ്ങി എല്ലാ പ്രധാന തീരുമാനങ്ങളിലും അഹമ്മദ് പട്ടേലിന്റെ സാന്നിധ്യമുണ്ടായിരുന്നു.

പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രിയങ്കാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ നിരവധി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

അഹമ്മദ് ജിയുടെ നിര്യാണത്തില്‍ കുടുംബാങ്ങളോട് അനുശോചനമറിയിക്കുന്നു എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണ്‍ എന്നനിലയില്‍ എന്നും എക്കാലത്തും അഹമ്മദ് പട്ടേല്‍ ഓര്‍മിക്കപ്പെടുമെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

‘ഇന്ന് ഏറെ ദുഃഖകരമായ ഒരു ദിവസമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു തൂണായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസായിരുന്നു അദ്ദേഹത്തിന്റെ ജീവനും ശ്വാസവും. ഏറ്റവും ബുദ്ധിമുട്ടേറിയ ഓരോ ഘട്ടത്തിലും അദ്ദേഹം കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. കോണ്‍ഗ്രസിന് അദ്ദേഹം വലിയൊരു മുതല്‍ക്കൂട്ടായിരുന്നു. നമ്മള്‍ അദ്ദേഹത്തെ മിസ് ചെയ്യും. ഫൈസലിനോടും മുംതാസിനോടും കുടുംബത്തോടും എന്റെ സ്നേഹവും അനുശോചനവുമറിയിക്കുന്നു,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.

അഹമ്മദ് പട്ടേലിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എപ്പോഴും ഓര്‍മിക്കപ്പെടും. മകന്‍ ഫൈസലിനെ വിളിച്ച് അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ബുധനാഴ്ച പുലര്‍ച്ചെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അഹമ്മദ് പട്ടേലിന്റെ അന്ത്യം. 71 വയസ്സായിരുന്നു.

കൊവിഡ് ബാധിച്ച് ഒരു മാസത്തോളം ചികിത്സയിലായിരുന്നു അദ്ദേഹം. ഇടയ്ക്ക് ആരോഗ്യ നില വഷളാവുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തിരുന്നതായി മരണ വിവരം പങ്കുവെച്ച മകന്‍ ഫൈസല്‍ പട്ടേല്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonia Gandhi mourns the death of Ahmed Patel

We use cookies to give you the best possible experience. Learn more