| Wednesday, 15th December 2021, 7:54 am

മമതയെ ഞെട്ടിച്ച് സോണിയയുടെ അപ്രതീക്ഷിത നീക്കം; യെച്ചൂരിയും പവാറുമടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രതിപക്ഷ ഐക്യത്തിനായി ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയെ വിളിക്കാതെ പ്രതിപക്ഷ കക്ഷികളുടെ അപ്രതീക്ഷിത യോഗം വിളിച്ച് കോണ്‍ഗ്രസ്. 12 എം.പിമാരെ രാജ്യസഭയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കാനായിരുന്നു യോഗം.

സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മമതയുടെ അസാന്നിധ്യം ശ്രദ്ധേയമായി. എന്‍.സി.പി, ഡി.എം.കെ, ശിവസേന, സി.പി.ഐ.എം തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കളെയാണ് യോഗത്തിലേക്ക് വിളിച്ചത്.

ശരദ് പവാര്‍, സഞ്ജയ് റാവത്ത്, ടി.ആര്‍. ബാലു, സീതാറാം യെച്ചൂരി, ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തിലുണ്ടായിരുന്നു.

എളമരം കരീം (സി.പി.ഐ.എം), ബിനോയ് വിശ്വം (സി.പി.ഐ) എന്നിവരടക്കം 12 പ്രതിപക്ഷ എം.പിമാര്‍ക്കാണ് സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസിന്റെ ആറും തൃണമൂലിന്റെയും ശിവസേനയുടെയും 2 വീതവും എം.പിമാര്‍ നടപടി നേരിട്ടു. രാജ്യസഭയുടെ ചരിത്രത്തില്‍ ഇത്രയും പേര്‍ക്കെതിരെ നടപടി ആദ്യമായാണ്.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ മമത ബാനര്‍ജി ആഞ്ഞടിച്ചിരുന്നു. ഗോവയില്‍ തൃണമൂല്‍ നേതൃത്വത്തിലുള്ള പ്രതിപക്ഷ ഐക്യനിരയിലേക്ക് കോണ്‍ഗ്രസിനോട് താല്‍പര്യമുണ്ടെങ്കില്‍ ചേരാമെന്നും പറഞ്ഞിരുന്നു.

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ത്തുന്നതിനും പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കുന്നതിനുമുള്ള ശ്രമത്തിലാണ് മമത. ഗോവ, ത്രിപുര, അസം, ഗുജറാത്ത്, മേഘാലയ, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സ്വാധീനമുറപ്പിക്കാനുള്ള ശ്രമം മമത നടത്തുന്നുണ്ട്.

പഞ്ചാബ്, തമിഴ്നാട്, കേരളം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം നോട്ടമിട്ടാണ് മമത ഇപ്പോള്‍ കരുനീക്കം നടത്തുന്നത്. മഹാരാഷ്ട്രയില്‍ ശിവസേന, ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരുമായി സഖ്യമുണ്ടാക്കാനും മമത ശ്രമിക്കുന്നുണ്ട്.

മേഘാലയയില്‍ 12 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഒറ്റയടിക്ക് തൃണമൂലിലെത്തിയത്. പല സംസ്ഥാനങ്ങളിലും ഏറ്റവും വേഗത്തില്‍ വളരുന്ന പാര്‍ട്ടിയായി തൃണമൂല്‍ ഇതിനോടകം മാറിയിട്ടുമുണ്ട്.

ബംഗാള്‍ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് വിശാല പ്രതിപക്ഷത്തിന് ശ്രമിച്ച മമത ഇപ്പോള്‍ കോണ്‍ഗ്രസില്ലാതെ എങ്ങനെ മുന്നണിയുണ്ടാക്കാമെന്നാണ് നോക്കുന്നത്. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിലെ അസംതൃപ്തരെയാണ് തൃണമൂല്‍ നോട്ടമിടുന്നത്. ഇതിനായി മറ്റ് കക്ഷികളിലും മമത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sonia Gandhi meets Sharad Pawar, Sitaram Yechury other Opposition leaders to discuss strategy

We use cookies to give you the best possible experience. Learn more