ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി മുഖ്യമന്ത്രി കമല്‍നാഥുമായി കൂടിക്കാഴ്ച്ച നടത്തി. മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നം മുറുകുന്നതിനിടയിലാണ് ഇരുവരുടെയും കൂടികാഴ്ച്ച. ഇന്നലെ രാത്രി വൈകിയായിരുന്നു ചര്‍ച്ച. പാര്‍ട്ടിക്കുള്ളിലെ സ്വരച്ചേര്‍ച്ചയെക്കുറിച്ചും മറ്റ് ആഭ്യന്തര പ്രശ്‌നങ്ങളും സോണിയാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്ന് കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. നിലവില്‍ കമല്‍ നാഥിന് തന്നെയാണ് പാര്‍ട്ടി ചുമതലയും. സിന്ധ്യക്ക് അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നും ഒരു വിഭാഗം പ്രഖ്യാപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ്‌സിങിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാണ്.
അധ്യക്ഷ പദവി സംബന്ധിക്കുന്ന വിഷയത്തില്‍ സോണിയാ ഗാന്ധി പ്രവര്‍ത്തകരോട് അഭിപ്രായം അന്വേഷിച്ചെന്നും പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ ഇതില്‍ വ്യക്തമായ തീരുമാനം ഉണ്ടാവുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ദിഗ് വിജയ് സിങും വനം വകുപ്പ് മന്ത്രി ഉമംഗ് സിങ്കാറും തമ്മിലുള്ള തര്‍ക്കത്തിനും അന്ത്യമായില്ല. പാര്‍ട്ടിയിലെ അച്ചടക്കം സംബന്ധിച്ച കാര്യങ്ങള്‍ കമല്‍നാഥിനും സോണിയാഗാന്ധിക്കും വിട്ടുകൊടുത്തിരിക്കുകയാണ് ദിഗ് വിജയ് സിങ് പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും സംസ്ഥാനത്തെ പാര്‍ട്ടി കേന്ദ്രമായി മാറാനും ദിഗ് വിജയ് സിംഗ് ശ്രമിക്കുന്നെന്നാരോപിച്ച് ഉമംഗ് സിങ്കാര്‍ സോണിയാഗാന്ധിക്ക് കത്തയച്ചതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ പ്രശ്നം പരസ്യമായത്. പിന്നാലെ ദിഗ് വിജയ് സിങ് അനധികൃത ഖനനം നടത്തുണ്ടെന്നും മദ്യവില്‍പ്പന നടത്തുന്നുണ്ടെന്നും സിങ്കാര്‍ ആരോപിച്ചിരുന്നു.