| Friday, 2nd October 2020, 5:39 pm

ഭയപ്പെടുത്തിയും കിംവദന്തികള്‍ ഉപയോഗിച്ചും ആളുകളെ തെറ്റിധരിപ്പിച്ചേക്കാം; ബീഹാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഹാര്‍: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് നടക്കുന്ന അരാജകത്വത്തിനും അതിക്രമങ്ങള്‍ക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി.

ഭയപ്പെടുത്തിയും വികാരങ്ങള്‍ മുതലെടുത്തും കിംവദന്തികള്‍ പ്രചരിപ്പിച്ചും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്തിന്റെ വിധി തന്നെ മാറ്റിയെഴുതിയ പദ്ധതിയായിരുന്നെന്നും ഈ കൊവിഡ് കാലത്തും പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്നത് യു.പി.എ സര്‍ക്കാരിന്റെ പദ്ധതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ചിലയാളുകളുടെ താത്പര്യം സംരക്ഷിക്കാന്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് എന്നും സോണിയ ഗാന്ധി പറഞ്ഞു.

ബീഹാര്‍ മഹാസംഖ്യത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയിലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. മഹാസഖ്യത്തില്‍ മത്സരിക്കുന്ന സി.പി.ഐ.എം.എല്‍ 30 സീറ്റുകള്‍ വേണമെന്ന് ആര്‍.ജെ.ഡിയോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കോണ്‍ഗ്രസും ആര്‍.ജെ.ഡിയുടെ സീറ്റ് പങ്കിടല്‍ ഫോര്‍മുലയില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. 75 സീറ്റുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇടത് പാര്‍ട്ടിയും രംഗത്തെത്തിയത്.

എന്നാല്‍ 50ലധികം സീറ്റ് ഒരു കാരണവശാലും നല്‍കാന്‍ സാധിക്കില്ലെന്നാണ് ആര്‍.ജെ.ഡി നിലപാട്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ആര്‍.ജെ.ഡി നല്‍കിയത്. ഇതില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonia Gandhi meets congress leader ahead of Bihar election

We use cookies to give you the best possible experience. Learn more