ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം സംഭവിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയായത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പാണ് അദ്ധ്യക്ഷയെന്ന നിലയില്‍ സോണിയ നേരിടുന്ന ആദ്യ വെല്ലുവിളി. അത് കൊണ്ട് തന്നെ മഹാരാഷ്ട്രയില്‍ കൂടുതല്‍ സമയം ചെലവഴിച്ച് പ്രവര്‍ത്തിക്കാനാണ് സോണിയാ ഗാന്ധി ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഡല്‍ഹിയില്‍ സോണിയാ ഗാന്ധി വിളിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കി തെരഞ്ഞെടുപ്പ് പോരാട്ടത്തിന് തയ്യാറാവണമെന്ന് നേതാക്കള്‍ സോണിയയോട് ആവശ്യപ്പെട്ടു. മുകുല്‍ വാസ്‌നിക്, അവിനാശ് പാണ്ഡേ, നാനാ പടോള്‍ എന്നിവരെ മത്സര രംഗത്തിറക്കണമെന്നാണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യത്തെ സോണിയാ ഗൗരപൂര്‍വ്വം എടുത്തിട്ടെന്നാണ് വിവരം.
ഫട്‌നാവിസിനെ പോലെ ശക്തരായ കുറച്ച് നേതാക്കള്‍ ബി.ജെ.പിക്കുണ്ട്. എന്ത് കൊണ്ട് നേതാക്കളായ മുകുള്‍ വാസ്‌നികിനെയും അവിനാസ് പാണ്ഡെയെയും നാനാ പടോളിനെയും അവര്‍ക്കെതിരെ മത്സരിപ്പിച്ച കൂടാ എന്നാണ് ഒരു നേതാവ് യോഗശേഷം പ്രതികരിച്ചത്.
289 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. ഇതില്‍ 145 സീറ്റുകള്‍ നേടിയാല്‍ ഭരണം ഉറപ്പിക്കാം. എന്‍.സി.പിയെ കൂടാതെ മറ്റ് ചെറുകക്ഷികളെയും സഖ്യത്തിന്റെ ഭാഗമാക്കി ഭരണം കരസ്ഥമാക്കാനുള്ള നടപടികള്‍ എത്രയും വേഗം ആരംഭിക്കാന്‍ സോണിയ നിര്‍ദേശിച്ചു. നേതാക്കളുടെ നിര്‍ദേശങ്ങള്‍ എത്രയും വേഗം സമര്‍പ്പിക്കാനും സോണിയ ആവശ്യപ്പെട്ടിട്ടുണ്ട്.
വി.ബി.എയുമായുള്ള സഖ്യത്തിന്റെ കാര്യത്തില്‍ സോണിയാ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ടേക്കും. വി.ബി.എ നേതാക്കളെ നേരത്തെ സോണിയാ ഗാന്ധി കണ്ടിരുന്നു.
വി.ബി.എയുമായി ഏത് വിധേനയും സഖ്യം സാധ്യമാക്കണമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും പ്രാദേശിക നേതാക്കളുടേയും ആവശ്യം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുസ്‌ലിം, ദളിത് വോട്ട് ബാങ്കുകളാണ് വി.ബി.എ വിഭജിച്ചത്. അത് കൊണ്ട് തന്നെ ഇനിയും ഈ വോട്ടുകള്‍ വിഭജിക്കാന്‍ ഇടവരുത്തരുതെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ വി.ബി.എ 41 ലക്ഷം വോട്ടുകളാണ് നേടിയത്, മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത 14 ശതമാനം വോട്ടാണിത്.
വഞ്ചിത് ബഹുജന്‍ അഘാഡി മത്സരിച്ച ഓരോ മണ്ഡലങ്ങളിലെയും വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസിന്റെ പരാജയ കാരണം വ്യക്തമാകും. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. 29 സീറ്റുകളില്‍ 50,000 വും കടന്നിട്ടുണ്ട്.