national news
കോണ്‍ഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലകൊള്ളുന്നു; ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിക്കുന്നതില്‍ നിന്നും എം.പിമാരെ വിലക്കി സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jan 04, 03:42 am
Friday, 4th January 2019, 9:12 am

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ലോക്സഭയില്‍ കറുത്ത ബാന്റ് വിതരണം ചെയ്ത കോണ്‍ഗ്രസ് എം.പി മാര്‍ക്കെതിരെ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും നിലകൊള്ളുന്ന പാര്‍ട്ടിയാണെന്ന് സോണിയാ ഗാന്ധി എം.പിമാരോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എം.പിമാര്‍ കറുത്ത ബാന്റുകളുമായി ലോക്‌സഭയിലെത്തിയത്. എന്നാല്‍ ഇത് കണ്ടയുടന്‍ യു.പി.എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധി എം.പിമാരെ ഇത് ധരിക്കുന്നതില്‍ നിന്നും വിലക്കിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലകൊള്ളുന്നു എന്ന് പറഞ്ഞാണ് സോണിയാ ഗാന്ധി കേരളത്തില്‍ നിന്നുള്ള എം.പിമാരെ പ്രതിഷേധസൂചകമായ ബാന്റ് ധരിക്കുന്നതില്‍ നിന്നും വിലക്കിയത്.

“കേരളത്തില്‍ നിങ്ങളുടെ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രിഷേധിക്കാം, എന്നാല്‍ ദേശീയ തലത്തില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിങ്ങള്‍ പ്രതിഷേധിക്കാന്‍ പാടില്ല, കാരണം കോണ്‍ഗ്രസ് ലിംഗ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നിലകൊള്ളുന്ന പാര്‍ട്ടിയാണ്”-  സോണിയാ ഗാന്ധി പറഞ്ഞതായി വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ ആചാരസംരക്ഷണ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ ഭിന്നതയുണ്ടായിരുന്ന. ഈ കാര്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്ന കാര്യത്തിലാണ് ഭിന്നത പ്രകടമായത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആലോചിച്ച ശേഷം മാത്രമാണ് തീരുമാനിക്കുക എന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓര്‍ഡിനന്‍സിന്റെ കാര്യം ഉന്നയിച്ച് തങ്ങള്‍ പ്രധാനമന്ത്രിയെ കാണുമെന്നു യു.ഡി.എഫ്. എം.പിമാര്‍ അറിയിച്ചു.