ക്ഷീണം തോന്നിയിട്ടും പിന്‍മാറിയില്ല, നിര്‍ബന്ധിച്ച് കാറില്‍ കയറ്റി രാഹുല്‍; ജോഡോ യാത്രയില്‍ ആവേശമായി സോണിയ ഗാന്ധി
national news
ക്ഷീണം തോന്നിയിട്ടും പിന്‍മാറിയില്ല, നിര്‍ബന്ധിച്ച് കാറില്‍ കയറ്റി രാഹുല്‍; ജോഡോ യാത്രയില്‍ ആവേശമായി സോണിയ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th October 2022, 12:11 pm

ബെംഗളൂരു: കര്‍ണാടകയില്‍ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് സോണിയ യാത്രയ്ക്കൊപ്പം അണിചേര്‍ന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുകയും ചികിത്സ തുടരുന്നതിനും ഇടയിലാണ് സോണിയ ഗാന്ധി രാഹുലിനൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടക്കാന്‍ എത്തിയത്.

യാത്രയുടെ ഭാഗമായി കുറച്ച് നടന്ന് കഴിഞ്ഞപ്പോള്‍ ക്ഷീണം തോന്നിയിട്ടും പിന്‍മാറാന്‍ സോണിയ തയാറായില്ല. എന്നാല്‍ ഇത് മനസ്സിലാക്കിയ രാഹുല്‍ അമ്മയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയായിരുന്നു.

രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്പ് ചെയ്യുന്ന സോണിയ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭാരത് ജോഡോ യാത്രയിലൂടെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് കൂടി തുടക്കമിടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രമാണ് ശേഷിക്കുന്നത്. ഭിന്നിച്ച് നില്‍ക്കുന്ന സംസ്ഥാന നേതൃത്വത്തില്‍ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെടുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, സോണിയ ഗാന്ധി യാത്രയ്ക്കൊപ്പെം ചേര്‍ന്നത് അഭിമാനകരമായ നിമിഷമാമെണന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

‘ഈ വിജയദശമിക്ക് ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയമാണ് കാണാന്‍ പോകുന്നത്. കര്‍ണാടകയുടെ തെരുവിലൂടെ സോണിയ ഗാന്ധി നടക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പി ഭരണം അവസാനിച്ച് കോണ്‍ഗ്രസ് ഭരണം വരാന്‍ പോകുകയാണ്’, ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

വിജയദശമി ദിനമായിരുന്ന ഇന്നലെ സോണിയ ഗാന്ധി കര്‍ണാടകയില്‍ ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു. ബെഗൂര്‍ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാര്‍ത്ഥന നടത്തിയത്.

അടുത്ത ദിവസം മുതല്‍ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകുമെന്നും സൂചനകളുണ്ട്. സോണിയയും പ്രിയങ്കയും കര്‍ണാടകയിലെ യാത്രയില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ജോഡോ പദയാത്ര വെള്ളിയാഴ്ചയാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്. 21 ദിവസമെടുത്ത് 511 കിലോമീറ്ററോളം കര്‍ണാടകയിലൂടെ കടന്നുപോകും. അഞ്ച് മാസം കൊണ്ട് 12 സംസ്ഥാനങ്ങളിലൂടെ കടന്ന് കശ്മീരിലാണ് യാത്ര അവസാനിക്കുക.

Content Highlight: Sonia Gandhi Joined Jodo Yatra at Karnataka