| Sunday, 9th August 2020, 8:47 pm

'ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസിന് തലയില്ലാതാവുമോ?'; അയാള്‍ ആ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയയെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി ചുമതലയിലുള്ള സോണിയ ഗാന്ധിയുടെ കാലാവധി അവസാനിക്കാനിരിക്കെ തിരക്കിട്ട ആലോചനകളിലേക്ക് കടന്ന് പാര്‍ട്ടി. അധ്യക്ഷനെ ഉടന്‍ തീരുമാനിക്കുമെന്നും അതുവരെ അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരും എന്നുമാണ് കോണ്‍ഗ്രസ് പുതുതായി തീരുമാനിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അധ്യക്ഷ കാലാവധി നീട്ടണോ എന്ന ആലോചനകള്‍ക്കൊടുവിലാണ് തീരുമാനം.

അധ്യക്ഷനെ തെരഞ്ഞെടുക്കാത്തതിനാല്‍ സോണിയയുടെ ഇടക്കാല അധ്യക്ഷ സ്ഥാനം നീട്ടുന്നത് സാങ്കേതികമായി ആവശ്യമാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലേക്കുള്ള പ്രക്രിയകള്‍ ആരംഭിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരിയും ലോക്ഡൗണും കാരണം നടപടി ക്രമങ്ങള്‍ മാര്‍ച്ച് 25 മുതല്‍ മാറ്റിവെച്ചിരിക്കുകയാണെന്നും പാര്‍ട്ടി അറിയിച്ചു.

‘സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഒക്ടോബറിലും നവംബറിലുമായി മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടന്നത്. തുടര്‍ന്ന് ജാര്‍ഖണ്ഡിലെയും ദല്‍ഹിലെയും തെരഞ്ഞെടുപ്പുകള്‍ പുറകെ പുറകെ നടന്നു. തുടര്‍ന്ന് കൊവിഡും ലോക്ഡൗണുമായി’, പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിച്ചു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം രാജിവെച്ചത്. തുടര്‍ന്നാണ് സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി ചുമതലപ്പെടുത്തിയത്. ഇടക്കാല അധ്യക്ഷ പദവിയുടെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നത്.

പുതിയ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അതുവരെ സോണിയ ഗാന്ധി തന്നെ തലപ്പത്ത് തുടരുമെന്നുമാണ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് പത്ത് അര്‍ദ്ധരാത്രിയോടെ കോണ്‍ഗ്രസിനെ തലയില്ലാതായിപോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസ് നായകനില്ലാത്ത പ്രസ്ഥാനമാണെന്ന ധാരണ തിരുത്താന്‍ എത്രയും പെട്ടന്ന് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് മുതിര്‍ന്ന നേതാവും എം.പിയുമായ ശശി തരൂര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടക്കാല അധ്യക്ഷ ചുമതല സോണിയ ഗാന്ധിയുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നും തരൂര്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് നായകനില്ലാത്തതും അനാഥവുമായ പാര്‍ട്ടിയാണെന്ന തോന്നലിനെ ചെറുക്കാന്‍ എത്രയും പെട്ടന്ന് ഒരു മുഴുവന്‍ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട്’, തരൂര്‍ പി.ടി.ഐയോട് പറഞ്ഞു.

‘നേതൃത്വത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ടായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇടക്കാല അധ്യക്ഷയായി സോണിയ ജിയെ നിയമിച്ചതിനെ ഞാന്‍ സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ഈ ഭാരം അവരുടെ ചുമലില്‍ അനിശ്ചിതമായി ഏല്‍പ്പിക്കുന്നത് അനീതിയാണെന്നാണ് എന്റെ അഭിപ്രായം’, അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ നയിക്കാനുള്ള ഓജസ്സും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് ഇപ്പോഴും കരുതുന്നത്. പക്ഷേ, രാഹുലിന് താല്‍പര്യമില്ലെങ്കില്‍ പുതിയ തലവനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തല്‍സ്ഥാനത്തേക്ക് രാഹുല്‍ തന്നെ തിരിച്ചെത്തണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ആവശ്യപ്പെടുന്നത്. സോണിയ ഗാന്ധിയുടെ ഇടക്കാല അധ്യക്ഷ സ്ഥാനം അവസാനിക്കാനിരിക്കെ, രാഹുല്‍ തിരികെയെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ജൂണ്‍ 23ന് നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും പാര്‍ട്ടി ലോക്സഭ എം.പിമാരുമായി സോണിയ ഗാന്ധി നടത്തിയ ചര്‍ച്ചയിലും രാജ്യസഭ എം.പിമാരുമായുള്ള ആശയവിനിമയത്തിലും ഇതേ ആവശ്യം ഉയര്‍ന്നുവന്നിരുന്നു.

പാര്‍ട്ടിയില്‍ മുതിര്‍ന്നവരും യുവ നേതാക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ നേതൃത്വമേറ്റെടുക്കേണ്ടത് രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തമാണെന്നാണ് പല നേതാക്കളും അഭിപ്രായപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonia Gandhi interim congress president

Latest Stories

We use cookies to give you the best possible experience. Learn more