റായ്ബറേലി: ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയവരില്‍ നിന്നും പാഠം പഠിക്കൂ എന്നായിരുന്നു സോണിയ ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞത്. സ്വന്തം മണ്ഡലമായ റായ്ബറോലിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാ ഗാന്ധി.
‘ഓരോ പൗരന്മാര്‍ക്കും 15 ലക്ഷം എന്ന വാഗ്ദാനത്തില്‍ തുടങ്ങി, 2 കോടി പുതിയ തൊഴിലവസരങ്ങള്‍, കാര്‍ഷിക വരുമാനം ഇരട്ടിയാക്കല്‍ തുടങ്ങി പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ ഏറെയാണ്. അവരുടെ വരുമാനം ഇരട്ടിയാക്കാം എന്ന വാഗാദാനം വെറും തന്ത്രമായിരുന്നെന്ന് കര്‍ഷകര്‍ ഇപ്പോള്‍ മനസിലാക്കി. യുവാക്കള്‍ ഇപ്പോഴും ജോലി അന്വേഷിക്കുകയാണ്.’സോണിയാ ഗാന്ധി പറഞ്ഞു.
ജി.എസ്.ടിയും നോട്ട് നിരോധനവും ചെറുകിട കച്ചവടക്കാരുടെ വ്യാപാരം തകര്‍ത്തെന്നും വന്‍കിട വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ വലിയ അവസരങ്ങള്‍ ഉണ്ടാക്കികൊടുത്തെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. കര്‍ഷകര്‍ കാര്‍ഷിക ലോണുകള്‍ കൊണ്ട് വട്ടം കറങ്ങുകയാണ്. അവരുടെ വിളകള്‍ക്കൊന്നും പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല. മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ കര്‍ഷകര്‍ രാത്രി മുഴുവന്‍ വിളകള്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വരുന്നു. എന്നിട്ടാണ് അവര്‍ ചൗക്കിദാര്‍ എന്ന് സ്വയം വിളിക്കുകയും ദേശീയതയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത്. കര്‍ഷകരെയും അവരുടെ വിള നിലവും സംരക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരുടെ ദേശീയതകൊണ്ട് എന്ത് ഉപകാരമാണുള്ളത്, പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു. മേയ് ആറിനാണ് റായ്ബറേലിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.