ന്യൂദല്‍ഹി: കര്‍ഷക സമരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടിട്ടും യാതൊരു നടപടിയുമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ലെന്നും സോണിയ പറഞ്ഞു.
‘കൊടുംതണുപ്പും മഴയും സഹിച്ച് രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം 39 ദിവസം പിന്നിടുകയാണ്. ഞാനുള്‍പ്പടെയുള്ള രാജ്യത്തെ പൗരന്‍മാര്‍ക്ക് വേണ്ടിയാണ് അവര്‍ പ്രക്ഷോഭം നടത്തുന്നത്. അമ്പതിലധികം കര്‍ഷകര്‍ മരണമടഞ്ഞു. ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മോദിയ്‌ക്കോ അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കോ മനംമാറ്റം ഉണ്ടായില്ല’, സോണിയ പറഞ്ഞു.
കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വമെന്നും മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും ഇക്കാര്യം ഒന്നുകൂടി പഠിക്കണമെന്നും സോണിയ പറഞ്ഞു. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്രത്തിന്റെ നിലപാട് തികഞ്ഞ അഹങ്കാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും അഹങ്കാരിയായ സര്‍ക്കാരാണ് കേന്ദ്രം ഇപ്പോള്‍ ഭരിക്കുന്നത്. രാജ്യത്തെ പൗരന്‍മാരെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ സംരക്ഷിക്കാത്ത സര്‍ക്കാരാണിത്’, സോണിയ പറഞ്ഞു.
അതേസമയം കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെ ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് വാര്‍ത്തയായിരുന്നു. കര്‍ഷക നിയമത്തിനെതിരെ പ്രതിഷേധിച്ചാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന കുറിപ്പും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലയില്‍നിന്നുള്ള കാഷ്മിര്‍ സിങ് (75) ആണ് മരിച്ചത്.സമരസ്ഥലത്തിനടുത്ത് ഒരു ശൗചാലയത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പാണ് കണ്ടെത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
38 ദിവസങ്ങളായി തുടരുന്ന കര്‍ഷക സമരത്തിനിടെ ഇതുവരെ 30ല്‍ അധികം കര്‍ഷകര്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം സിംഗു അതിര്‍ത്തിയില്‍ ഹരിയാനയില്‍നിന്നുള്ള ഒരു പുരോഹിതന്‍ സ്വയം നിറയൊഴിച്ച് മരിച്ചിരുന്നു.
പൊലീസ് ഇതുവരെ ആത്മഹത്യയ്ക്കുള്ള കാരണം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം സമരസ്ഥലത്തുതന്നെ അടക്കംചെയ്യണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sonia Gandhi Slams Centre On Farmers Protest