| Saturday, 11th April 2020, 4:23 pm

ഭില്‍വാര കൊവിഡിനെ മറികടന്നത് രാഹുല്‍ ഗാന്ധിയെ കേട്ടതിനാല്‍; കോണ്‍ഗ്രസ് യോഗത്തില്‍ സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭില്‍വാരയിലെ കൊവിഡ് 19 വ്യാപനത്തെ രാജസ്ഥാന്‍ സര്‍ക്കാര്‍ വിജയകരമായി മറികടന്നത് മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പിനെ കേള്‍ക്കാന്‍ തയ്യാറായത് കൊണ്ടാണെന്ന് കോണ്‍ഗ്രസ് താല്‍ക്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ഈ പരാമര്‍ശം നടത്തിയതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ മാസം ഭില്‍വാരയില്‍ 27 പൊസീറ്റിവ് കേസുകളും രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഭില്‍വാര കൊവിഡ് 19ന്റെ ഹോട്ട്‌സ്‌പോട്ട് ആവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ മികച്ച ഇടപെടലിലൂടെ അതില്ലാതാക്കാന്‍ കഴിഞ്ഞിരുന്നു. ഇങ്ങനെ സര്‍ക്കാരിന് ഇടപെടാന്‍ കഴിഞ്ഞത് ഫെബ്രുവരിയില്‍ രാഹുല്‍ ഗാന്ധി നല്‍കിയ മുന്നറിയിപ്പാണെന്നാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം.

കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഒരു കേസ് പോലും ഭില്‍വാരയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊസിറ്റീവ് ആയിരുന്ന 13 പേര്‍ രോഗവിമുക്തരാവുകയും ചെയ്തു.

രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് അതാരും കേള്‍ക്കാന്‍ തയ്യാറായില്ല. അന്ന് സര്‍ക്കാര്‍ അത് കേള്‍ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നുവേനെ എന്ന് സോണിയാ ഗാന്ധി യോഗത്തില്‍ പറഞ്ഞതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ പ്രിന്റിനോട് പറഞ്ഞു.

കൊവിഡ് വ്യാപനത്തെ തടയുന്നതില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡ് സംസ്ഥാനം സ്വീകരിച്ച നടപടികളെയും സോണിയാ ഗാന്ധി യോഗത്തില്‍ അഭിനന്ദിച്ചു. 10 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 9 പേരും രോഗവിമുക്തരയി. ഒരു മരണം പോലും സംഭവിച്ചിട്ടില്ല.

എല്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരും മുഖ്യമന്ത്രിമാരോട് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കണം. താന്‍ പ്രധാനമന്ത്രിയുമായും സംസാരിക്കും. ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷമായി എല്ലാവരും പെരുമാറണമെന്നും സോണിയാ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more