” അകത്തു കിടക്കുന്ന മനുഷ്യന്‍ ഒരു തീവ്രവാദി അല്ല. ദീര്‍ഘകാലം മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന വ്യക്തിയാണെന്ന് മനസിലാക്കണം”
ന്യൂദല്‍ഹി: രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കഴിയവെ ഇ. അഹമ്മദിനെ കാണാന്‍ മക്കളെ അനുവദിച്ചത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്ന്. പിതാവിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ച ആശുപത്രി അധികൃതരോട് സോണിയാ ഗാന്ധി രോഷാകുലയാവുകയായിരുന്നു.
” അകത്തു കിടക്കുന്ന മനുഷ്യന്‍ ഒരു തീവ്രവാദി അല്ല. ദീര്‍ഘകാലം മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന വ്യക്തിയാണെന്ന് മനസിലാക്കണം” സോണിയാ ഗാന്ധി ക്ഷുഭിതയായി പറഞ്ഞു. പിതാവിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.
തുടര്‍ന്നാണ് ചില്ലു ജാലകത്തിലൂടെ അഹമ്മദിനെ കാണാന്‍ മകള്‍ ഫൗസിയയെ അനുവദിച്ചത്.
അഹമ്മദിനെ കാണാന്‍ മക്കള്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ എം.പിമാരായ ഗുലാം നബി ആസാദ്, ഇ.ടി മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, എം.കെ രാഘവന്‍, പി.വി അബ്ദുള്‍ വഹാബ് എന്നിവരും കോണ്‍ഗ്രസ്- മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
പിന്നീട് ഇ. അഹമ്മദിന്റെ മക്കള്‍ ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും തുടര്‍ന്ന് മക്കള്‍ അഹമ്മദിനെ കാണുകയും അദ്ദേഹം മരിച്ചതായി മനസിലാക്കുകയുമായിരുന്നു.