| Wednesday, 20th September 2023, 3:40 pm

വനിതാ സംവരണ ബിൽ ഉടൻ നടപ്പാക്കണം; ന്യൂനപക്ഷ സ്ത്രീകൾക്കും സംവരണം വേണം: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബില്ലിന് തന്റെ പിന്തുണ പ്രഖ്യാപിച്ച് സോണിയ ഗാന്ധി. അതേസമയം നിയമം ഉടൻ തന്നെ നടപ്പാക്കണമെന്നും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംവരണം ഉറപ്പ് വരുത്തുകയും വേണമെന്ന് സോണിയ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.

‘ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രതിനിധി എന്ന നിലയിൽ, നാരി ശക്തി വന്ദൻ അതിനിയം 2023നെ ഞാൻ പിന്തുണക്കുന്നു,’ കോൺഗ്രസിന്റെ പാർലമെന്റ് പാർട്ടി ചീഫ് ആയ സോണിയ ഗാന്ധി പറഞ്ഞു.

തന്റെ പങ്കാളിയും മുൻ പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയുടെ സ്വപ്നം ഇതോടെ യാഥാർത്ഥ്യമാവുകയാണെന്നും അവർ ലോക്സഭയിൽ പറഞ്ഞു.
‘രാജീവ്‌ ഗാന്ധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം തീരുമാനിക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. എന്നാൽ ഏഴ് വോട്ടുകൾക്ക് അന്ന് അത് തള്ളിപ്പോയി. പിന്നീട് പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ സർക്കാർ അത് പാസാക്കി. അതിനാൽ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ രാജ്യമുടനീളം തെരഞ്ഞെടുക്കപ്പെട്ട 15 ലക്ഷം വനിതകളാണുള്ളത്. രാജീവ്‌ ഗാന്ധിയുടെ സ്വപ്നം ഭാഗികമായേ പൂർത്തിയായുള്ളൂ. ഈ ബിൽ പാസാകുന്നതോടെ അത് പൂർത്തിയാകും,’ സോണിയ ഗാന്ധി പറഞ്ഞു.

ബിൽ ഉടൻ നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘കോൺഗ്രസ്‌ പാർട്ടി ഈ ബില്ലിനെ പിന്തുണക്കുന്നു. ബിൽ പാസാകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. എന്നാൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഞാൻ ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 13 വർഷമായി ഇന്ത്യയിലെ സ്ത്രീകൾ അവരുടെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ അവരോട് കുറച്ച് വർഷങ്ങൾ കൂടി കാത്തിരിക്കാനാണ് പറയുന്നത്. എത്ര വർഷം? ഇന്ത്യൻ സ്ത്രീകളോടുള്ള ഈ പെരുമാറ്റം ഉചിതമാണോ?,’ സോണിയ ചോദിച്ചു.

‘ബിൽ ഉടൻ തന്നെ നടപ്പാക്കണമെന്ന് ഐ.എൻ.സി ആവശ്യപ്പെടുകയാണ്. എന്നാൽ ജാതി സെൻസസ് കൂടി നടപ്പാക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിലെ സ്ത്രീകൾക്ക് സംവരണം ഉറപ്പ് വരുത്തുന്നതിനുള്ള ക്രമീകരണങ്ങൾ കൂടി നടത്തേണ്ടതുണ്ട്,’ സോണിയ ഗാന്ധി പാർട്ടി നിലപാട് ലോക്സഭയിൽ വ്യക്തമാക്കി.

വനിതാ സംവരണ ബിൽ നടപ്പാക്കുന്നതിൽ ഇനിയും കാലതാമസം ഉണ്ടായാൽ അത് ഇന്ത്യൻ സ്ത്രീകളോട് കാണിക്കുന്ന അനീതിയാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

Content Highlight: Sonia Gandhi demands immediate implementation of women’s reservation bill, pitches for OBC quota within reserved seats

We use cookies to give you the best possible experience. Learn more