തെഹല്‍കയ്‌ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സോണിയ ഗാന്ധി ശ്രമിച്ചുവെന്ന് ജയ ജെയ്റ്റ്‌ലി
Daily News
തെഹല്‍കയ്‌ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ സോണിയ ഗാന്ധി ശ്രമിച്ചുവെന്ന് ജയ ജെയ്റ്റ്‌ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2017, 5:22 pm

 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തെഹല്‍ക്കയ്‌ക്കെതിരായ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് ആരോപണവിധേയനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ അടുത്ത അനുനായിയും മുന്‍ സമതാ പാര്‍ട്ടി നേതാവുമായ ജയ ജെയ്റ്റ്‌ലി. തന്റെ ആത്മകഥയായ “ലൈഫ് എമംഗ് ദ സ്‌കോര്‍പ്പിയോണ്‍സ്: മെമ്മറീസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്‌സ്” എന്ന പുസ്തകത്തിലാണ് സോണിയക്കെതിരായ ആരോപണം.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനെതിരെ തെഹല്‍ക നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2001 ലായിരുന്നു ആയുധ ഇടപാടുകളുമായി ബന്ധപ്പെട്ട തെഹല്‍ക്കയുടെ സ്റ്റിംഗ് ഓപ്പറേഷന്‍.


Also Read: ‘നോട്ട് നിരോധനം അടിവേരിളക്കി’; ഒരു വര്‍ഷത്തിനിടെ രാജ്യത്ത് പൂട്ടിയത് 2.24 ലക്ഷം കമ്പനികള്‍; തൊഴില്‍ നഷ്ടപ്പെട്ടത് 60 ലക്ഷത്തിലധികം പേര്‍ക്ക്


എന്നാല്‍ തെഹല്‍കയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് പിന്നീട് നടന്ന അന്വേഷണമാണ് സോണിയ ഇടപെട്ട് അട്ടിമറിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. 2004ല്‍ അധികാരത്തിലെത്തിയ യു.പി.എ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന് തെഹല്‍കയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കരുതെന്ന് കാണിച്ച് സോണിയ കത്ത് നല്‍കിയെന്ന് ജയ ആത്മകഥയില്‍ പറയുന്നു.

തെഹല്‍ക മാധ്യമപ്രവര്‍ത്തകര്‍ ആയുധ കച്ചവടക്കാരെന്ന വ്യാജേന രാഷ്ട്രീയനേതാക്കളേയും ഉദ്യോഗസ്ഥരേയും സമീപിച്ച് ഇടപാടുകള്‍ ഉറപ്പിക്കുകയും പണം നല്‍കുകയും ചെയ്യുകയായിരുന്നു. ഇതെല്ലാം രഹസ്യ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.


Also Read: ‘ജി.എസ്.ടിയേയും നോട്ട് നിരോധനത്തേയും ചോദ്യം ചെയ്താല്‍ നികുതിവെട്ടിപ്പുകാരനാകുമോ?’; നവംബര്‍ എട്ട് ഇന്ത്യന്‍ ജനാധിപത്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും കരിദിനമെന്ന് മന്‍മോഹന്‍ സിംഗ്


അന്നത്തെ ബി.ജെ.പി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണ്‍ അടക്കമുള്ളവര്‍ പണം വാങ്ങിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. തെഹല്‍ക റിപ്പോര്‍ട്ടുകളുടെ മുഴുവന്‍ ഗുണവും ലഭിച്ചത് അന്ന് പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസിനായിരുന്നെന്നും ജയ പറയുന്നു.

ഹവാല ഇടപാടുകള്‍ വഴിയാണ് ഇത്രയും വലിയ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ തെഹല്‍കയ്ക്ക് പണം ലഭിച്ചതെന്നും ജയ പുസ്തകത്തില്‍ പറയുന്നുണ്ട്.


Also Read: കേരളത്തിലേത് തീവ്രവാദഗ്രൂപ്പുകള്‍ നിയന്ത്രിക്കുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനം; നിലപാട് ആവര്‍ത്തിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ


സ്റ്റിംഗ് ഓപ്പറേഷന്റെ പശ്ചാത്തലത്തില്‍ ഫെര്‍ണാണ്ടസ് രാജി വെക്കാനൊരുങ്ങിയിരുന്നെങ്കിലും അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനിയും യശ്വന്ത് സിന്‍ഹയും തടയുകയായിരുന്നെന്നും എന്നാല്‍ വാജ്‌പേയി അദ്ദേഹം രാജിവെക്കണമെന്ന നിലപാടെടുക്കുകയായിരുന്നെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.