ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകുമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. വെള്ളിയാഴ്ചയിലെ അവിശ്വാസ പ്രമേയത്തില്‍ പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സോണിയയെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
” ആരു പറഞ്ഞു ഞങ്ങള്‍ക്ക് ആവശ്യത്തിന് പിന്തുണയില്ലെന്ന്.? വെള്ളിയാഴ്ചയിലെ അവിശ്വാസപ്രമേയത്തില്‍ ശുഭ പ്രതീക്ഷയാണുള്ളത്.”
ടി.ഡി.പി സമര്‍പ്പിച്ച അവിശ്വാസപ്രമേയ നോട്ടീസ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ചയായിരിക്കും പ്രമേയത്തിന്‍ മേല്‍ ചര്‍ച്ച നടക്കുക. അതിനുശേഷം വോട്ടെടുപ്പും നടക്കും.
അതേസമയം പാര്‍ലമെന്റ് സുഗമമായി നടക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് നരേന്ദ്രമോദി പ്രതികരിച്ചു. എല്ലാ വിഷയങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണ് സര്‍ക്കാരെന്നും മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്നാണ് ആരംഭിച്ചത്.
ലോക്സഭാ ചട്ടങ്ങളനുസരിച്ച് സഭയിലെ 50 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസപ്രമേയം പാസാക്കാന്‍ കഴിയുകയുള്ളു. നിശ്ചിത വിഷയത്തിന്‍മേല്‍ സഭ നടപടികള്‍ അലോസരപ്പെടുകയാണെങ്കില്‍ സ്പീക്കര്‍ക്ക് അംഗങ്ങളുടെ സംവാദത്തിന് അനുമതി നല്‍കാവുന്നതാണ്.
മുമ്പ് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് നേരേ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍ അത് മതിയായ പിന്തുണയില്ലാത്തതിനാല്‍ പ്രമേയം തള്ളിപ്പോയിരുന്നു.
WATCH THIS VIDEO: