ന്യൂദല്‍ഹി: യു.പിയിലെ ഹാത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
പെണ്‍കുട്ടി മരിച്ചതല്ല. യു.പി സര്‍ക്കാര്‍ കൊന്നതാണെന്ന് സോണിയ പറഞ്ഞു. പെണ്‍കുട്ടിയ്ക്ക് മികച്ച ചികിത്സ നല്‍കാതെ സര്‍ക്കാര്‍ അവളെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും സോണിയ പ്രതികരിച്ചു.
‘എനിക്ക് ഒന്നേ ചോദിക്കാനുള്ളു. പെണ്‍കുട്ടിയായി ജനിക്കുന്നത് ഒരു തെറ്റാണോ? ദരിദ്രന്റെ മകളായി ജനിക്കുന്നത് ഒരു കുറ്റമാണോ? നീതിയ്ക്കായുള്ള ആ കുടുംബത്തിന്റെ നിലവിളികള്‍ ആരും കേട്ടില്ല. സംഭവത്തെ മൂടിക്കെട്ടാനാണ് എല്ലാവരും ശ്രമിച്ചത്. ഹാത്രസിലെ നിര്‍ഭയയാണ് അവള്‍. അവള്‍ മരിച്ചതല്ല. കൃത്യമായ ചികിത്സ നല്‍കാതെ യു.പി സര്‍ക്കാര്‍ കൊന്നതാണ്’- സോണിയ പറഞ്ഞു.
അതേസമയം ഹാത്രാസ് സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുകയാണ്. കേസില്‍ യു.പി പൊലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്.
കുടുംബാംഗങ്ങളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് സംസ്‌കരിച്ചെന്നായിരുന്നു പ്രധാന ആരോപണം. അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആരോപണം ശക്തമായതോടെ വിശദീകരണവുമായി യു.പി പൊലീസ് മേധാവി തന്നെ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് യു.പി പൊലീസ് ഡി.ജി.പി പ്രശാന്ത് കുമാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 14നാണ് പെണ്‍കുട്ടി കൂട്ടബാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ആദ്യം അലിഗറിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഹാത്രാസ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സന്ദീപ്, രാമു, ലവകുശ്, രവി എന്നീ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Sonia Gandhi Condemns Hathras Rape Case