| Saturday, 8th June 2024, 7:56 pm

കോണ്‍ഗ്രസ് പാർലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണായി സോണിയ ഗാന്ധി; പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് കാണുവെന്ന് ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാർലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സോണിയ ഗാന്ധി. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സോണിയ ഗാന്ധിയുടെ പേര് നിര്‍ദേശിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് കാണുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടി പാർലമെന്ററി യോഗം അവസാനിച്ചതിന് പിന്നാലെയാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

പ്രതിപക്ഷ നേതാവിനെയും രാജ്യസഭംഗങ്ങളെയും ചെയര്‍പേഴ്‌സനായ സോണിയ ഗാന്ധിയായിരിക്കും തെരഞ്ഞെടുക്കുക. സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ലോക്‌സഭാ എം.പിമാരുടെ യോഗം സോണിയ ഗാന്ധി ഉടന്‍ വിളിച്ചേക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ നയിക്കുമെന്ന വാര്‍ത്തകള്‍ ശനിയാഴ്ച ഉച്ചയോടെ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി, രാഹുല്‍ തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. ദിഗ് വിജയ് സിങ് അവതരിപ്പിച്ച പ്രമേയത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലുമായിരുന്നു രാഹുല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയില്‍ എം.പിയായി തുടരുമെന്നും റിപ്പോര്‍ട്ടുണ്ട്.

രാഹുലിന് പകരം വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി എത്തുമെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ ഇതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തില്‍ നിന്ന് തന്നെ ഒരാള്‍ മത്സരിക്കുമെന്നാണ് സൂചന.

ഞായറാഴ്ച നടക്കാനിരിക്കുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞിരുന്നു. ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ സഖ്യം നിതീഷ് കുമാറിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന ജെ.ഡി.യുവിന്റെ വാദത്തിനെതിരെ കെ.സി. വേണുഗോപാലും വിമര്‍ശനമുയര്‍ത്തി.

Content Highlight: Sonia Gandhi as Congress Parliamentary Party Chairperson

We use cookies to give you the best possible experience. Learn more