കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; രാഹുലിനും സോണിയയ്ക്കും ഇ.ഡി. നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
national news
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; രാഹുലിനും സോണിയയ്ക്കും ഇ.ഡി. നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 2:03 pm

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇ.ഡി. നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിപ്പിച്ച് കൊണ്ടാണ് നോട്ടീസ്.

നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ബുധനാഴ്ച നോട്ടീസയച്ചത്.

കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെയാണ് വിവരം സ്ഥിരീകരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ര സമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് ഇ.ഡി.യിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചത്.

നാഷണല്‍ ഹെറാള്‍ഡിനെതിരായ കേസ് സ്വാതന്ത്ര്യസമര നേതാക്കളെ അപമാനിക്കാനാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

2015ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്‌റു 1938ല്‍ സ്ഥാപിച്ച പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്.

വലിയ വിവാദമായ കേസായിരുന്നു നാഷണല്‍ ഹെറാള്‍ഡ് കേസ്. പത്രമടങ്ങുന്ന എ.ജെ.എല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തു എന്നായിരുന്നു കേസ്.

2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രം മൂലധനമായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യ എന്നും അതുപയോഗിച്ച് എ.ജെ.എല്‍ കമ്പനിയുടെ ഏതാണ്ട് 2000 കോടിയിലധികം രൂപ വരുന്ന ആസ്തികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

കമ്പനിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി സ്ഥാപനത്തിന്റെ പേരിലുള്ള മറ്റ് വസ്തുക്കളും സോണിയയും രാഹുലും സ്വന്തം പേരിലാക്കി എന്നും കേസില്‍ ആരോപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 90 കോടിയിലധികം രൂപ പലിശ രഹിത വായ്പയായി കോണ്‍ഗ്രസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആ തുക തിരിച്ചടച്ചിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

Content Highlight: Sonia Gandhi and Rahul Gandhi summoned by ED in money laundering case related to National Herald case