| Wednesday, 26th August 2020, 4:01 pm

സോണിയ വിളിച്ച യോഗത്തിലെ മമതയുടെ സാന്നിദ്ധ്യം; ബി.ജെ.പിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പടയൊരുക്കത്തിന്റെ ആദ്യ സൂചനയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പുതിയ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിളിച്ച വെര്‍ച്വല്‍ യോഗം പുരോഗമിച്ചികൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കൊപ്പം കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ യോഗം എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിഷയവും നീറ്റ് വിഷയവുമാണ് യോഗത്തില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യുന്നത്.

മമത ബാനര്‍ജി, ഉദ്ദവ് താക്കറെ ,ഹേമന്ദ് സോറന്‍ എന്നിവരെക്കൂടി യോഗത്തിലേക്ക് സോണിയ വിളിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാറിലും ജാര്‍ഖണ്ഡ് സര്‍ക്കാരിലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെങ്കിലും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പൂര്‍ണമായും കോണ്‍ഗ്രസ് ഇതര സര്‍ക്കാരാണ്.

പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നു എന്നത് വളരെ സുപ്രധാനമായ കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി സര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ ചുവടുകള്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നതിന്റെ ചവിട്ടുപടിയായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.

കാരണം, കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞാണ് തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി ഉണ്ടാക്കി മമത ബാനര്‍ജി പുറത്തുപോയത്. പിന്നീട് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തുകയും ചെയ്തു.

ബി.ജെ.പിക്കെതിരെ കരുനീക്കത്തില്‍ കോണ്‍ഗ്രസിനോടൊപ്പം മമതയെ സോണിയ ഗാന്ധി വിളിച്ചതും യോഗത്തില്‍ മമത പങ്കെടുത്തതും ബി.ജെ.പിക്കെതിരെയുള്ള നീക്കത്തില്‍ കോണ്‍ഗ്രസിനോടൊത്ത് പ്രവര്‍ത്തിക്കാന്‍ മമതയും പാര്‍ട്ടിയും തയ്യാറാണെന്ന സൂചനയാണ് നല്‍കുന്നത്.

സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ കോന്ദ്രത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാം എന്ന അഭിപ്രായമാണ് മമത വെച്ചിരിക്കുന്നതെന്നാണ് ആദ്യ സൂചനകള്‍. നീറ്റ് പരീക്ഷയില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് മമത മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസ് നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിക്കിടയില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമേ മമത ബാനര്‍ജി, ഉദ്ദവ് താക്കറെ , ഹേമന്ദ് സോറന്‍ എന്നിവരുടെ പിന്തുണകൂടി കോണ്‍ഗ്രസിന് ലഭിക്കുന്നത് ഗുണകരമാകും.

ഏറെ തര്‍ക്കള്‍ക്കും ബഹങ്ങള്‍ക്കും ഇടയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള തീരുമാനത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ സോണിയ സ്വീകരിക്കുന്ന സുപ്രധാന നീക്കമായിരിക്കും ഇത്. നേതൃമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ഭിന്നത നിലനില്‍ക്കുമ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍പിന്നാലെ സോണിയാ ഗാന്ധി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ തീരുമാനമായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: sonia gandhi and mamata banerjee against bjp government

We use cookies to give you the best possible experience. Learn more