ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി ആര്‍ട്ടിക്കിള്‍ 254(2) ന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
താങ്ങുവില ഒഴിവാക്കലടക്കം മോദി സര്‍ക്കാരും ബി.ജെ.പിയും കാണിക്കുന്ന കടുത്ത അനീതിയില്‍ നിന്ന് കര്‍ഷകരെ മോചിപ്പിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സംസ്ഥാന താല്‍പ്പര്യത്തിന് വിരുദ്ധമായി കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഏതെങ്കിലും വിഷയത്തില്‍ പാര്‍ലമെന്റ് നിയമം പാസാക്കിയാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയമ നിര്‍മ്മാണത്തിന് അനുവാദം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 254(2).
കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായുള്ള പ്രതിഷേധത്തിന്റെ പ്രധാന കേന്ദ്രം. മുഖ്യമന്ത്രി അമരീന്ദര്‍ സിങും കര്‍ഷകര്‍ക്കൊപ്പം പഞ്ചാബില്‍ പ്രതിഷേധത്തിനിറങ്ങിയിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്. പഞ്ചാബിലെ കര്‍ഷകര്‍ അമൃത്സര്‍-ദല്‍ഹി റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കര്‍ഷകര്‍, കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
പാര്‍ലമെന്റ് പാസാക്കിയ 2 കര്‍ഷക ബില്ലുകളും അവശ്യവസ്തു നിയമ ഭേദഗതി ബില്ലും രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവരാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇവ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.
ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത ബന്ദ് നടത്തുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധക്കാര്‍ ട്രാക്ടറിന് തീയിട്ടിരുന്നു. പൊലീസ് ട്രാക്ടര്‍ നീക്കം ചെയ്യുകയും അഗ്‌നിശമന വകുപ്പ് തീ അണയ്ക്കുകയും ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക