| Sunday, 13th March 2022, 11:21 pm

പഞ്ചാബില്‍ പിഴവ് സംഭവിച്ചു; അമരീന്ദര്‍ സിംഗിനെ മാറ്റിയതില്‍ വീഴ്ച സമ്മതിച്ച് സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ തന്റെ പിഴവുകള്‍ സമ്മതിച്ച് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയതില്‍ വീഴ്ച പറ്റിയെന്ന് സോണിയ പറഞ്ഞു. പ്രവര്‍ത്തകരും നേതാക്കളും പരസ്യ വിമര്‍ശനം ഒഴിവാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറാണെന്നും സോണിയാ ഗാന്ധി യോഗത്തില്‍ പറഞ്ഞു.

പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ താനും രാഹുല്‍ ഗാന്ധയും പ്രിയങ്ക ഗാന്ധിയും രാജിക്ക് തയ്യാറാണെന്ന് സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തെ അറിയിച്ചു. പക്ഷെ സി.ഡബ്ല്യൂ.സി ഐക്യകണ്ഠേന സോണിയുടെ ആവശ്യം നിഷേധിക്കുകയായിരുന്നു എന്ന് കോണ്‍ഗ്രസ് വൃത്തത്തെ ഉദ്ധരിച്ചു എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനമെടുത്തിരുന്നു. അധ്യക്ഷ സ്ഥാനം പാര്‍ട്ടിയുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. തിരുത്തല്‍ നടപടികള്‍ക്ക് സോണിയയെ പ്രവര്‍ത്തക സമിതി ചുമതലപ്പെടുത്തി.

സംഘടന ദൗര്‍ബല്യം പരിഹരിക്കാന്‍ അധ്യക്ഷയുടെ ഇടപെടലുണ്ടാവും. തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പിഴച്ചു. സംഘടന തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സോണിയ അധ്യക്ഷയായി തുടരുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചര്‍ച്ചയാകാമെന്ന നിലപാട് ഇവരും പൊതുവില്‍ അംഗീകരിച്ചു. ഏപ്രിലില്‍ ചിന്തന്‍ ശിബിര്‍ നടത്താന്‍ തീരുമാനമായി. പാര്‍ട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്ന് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം ഞായറാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിയില്‍ സോണിയ ഗാന്ധി രാജിസന്നദ്ധത അറിയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.


Content Highlight: Sonia Gandhi admits failure to replace Amarinder Singh

We use cookies to give you the best possible experience. Learn more