| Tuesday, 12th January 2021, 8:59 am

യെച്ചൂരിയേയും ഡി. രാജയേയും കണ്ട് ശരദ് പവാര്‍; പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ കളത്തിലിറങ്ങി സോണിയാ ഗാന്ധി; കേന്ദ്രത്തിനെതിരെ പടയൊരുക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള നീക്കത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനുള്ള നീക്കം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിപക്ഷപാര്‍ട്ടികളുമായുള്ള ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തന്നെ മുന്നിട്ടിറങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ഷക നിയമത്തില്‍ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാനും തന്ത്രങ്ങള്‍ മെനയാനും പ്രതിപക്ഷപാര്‍ട്ടികളുമായി സോണിയാ ഗാന്ധി ചര്‍ച്ചകള്‍ തുടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട ചെയ്യുന്നു.

സംയുക്ത പ്രതിപക്ഷ തന്ത്രം രൂപപ്പെടുത്തുന്നതിനായി ഉടന്‍തന്നെ ഒരു യോഗം വിളിക്കാന്‍ സാധ്യതയുണ്ട്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇടതുപക്ഷ നേതാക്കളായ സീതാറാം യെച്ചൂരി, ഡി.രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സോണിയാ ഗാന്ധിയുടെ നീക്കങ്ങള്‍.

അതേസമയം, കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്.
കേന്ദ്രസര്‍ക്കാറിന് കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്.കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി. രക്തച്ചൊരിച്ചല്‍ ഒഴിവാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ സുപ്രീംകോടതിയായ തങ്ങള്‍ക്ക് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അറിയാമെന്നന്നും കോടതി പറഞ്ഞു.

പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.

സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു.
നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Sonia dials Opposition leaders, Sharad Pawar meets Left leaders

We use cookies to give you the best possible experience. Learn more