തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദുഖാചരണം പ്രഖ്യാപിച്ചു. ഈ മാസം 22ന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ചിരുന്ന ജനസദസ് ഉള്‍പ്പെടെയുള്ള കെ.പി.സി.സിയുടെയും കോണ്‍ഗ്രസിന്റെയും പോഷക സംഘടനകളുടെയും സെല്ലുകളുടെയും എല്ലാ പൊതുപരിപാടികളും ജൂലൈ 24 വരെ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.
ജില്ല, ബ്ലോക്ക്, മണ്ഡലം, ബൂത്ത്, സി.യു.സി. തലങ്ങളില്‍ ഈ ഒരാഴ്ചക്കാലം ഉമ്മന്‍ചാണ്ടിയുടെ അനുസ്മരണ പരിപാടികള്‍ നടത്തണമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നിര്‍ദേശിച്ചു. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം ബെംഗളൂരുവില്‍ നിന്ന് വിമാനത്തില്‍ 12 മണിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
പിന്നീട് ജഗതിയിലെ വസതിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. അതിന് ശേഷം ഇന്ന് രാത്രി വരെ തിരുവനന്തപുരത്തെ കെ.പി.സി.സി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു.
തുടര്‍ന്ന് ജഗതിയിലെ വസതിയിലേക്ക് രാത്രി മൃതദേഹം കൊണ്ടുപോകും. ബുധനാഴ്ച രാവിലെ എഴ് മണിക്ക് വിലാപയാത്രയായി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. നാളെ കോട്ടയത്ത് തിരുനക്കര മൈതാനത്തിലാണ് പിന്നീട് പൊതുദര്‍ശനം ഉണ്ടാകുക. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും നഗരം ചുറ്റി വിലാപ യാത്രയും നടത്തും.
ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് നടത്തുമെന്നാണ് കെ.പി.സി.സി അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ ഉമ്മന്‍ ചാണ്ടി താമസിച്ചിരുന്ന ഇന്ദിരാ നഗറിലെ വസതിയില്‍ പൊതുദര്‍ശനം 12 മണിക്ക് ശേഷവും തുടരുകയാണ്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.