| Sunday, 13th September 2020, 7:33 am

സോണിയക്കൊപ്പം രാഹുലും വി​ദേശത്ത്; കൊവിഡിന് ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കോൺ​​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധിയും മകൻ രാഹുൽ ​ഗാന്ധിയും പാർലമെന്റിലെ വർഷകാല സമ്മേളനത്തിലെ ആദ്യ സെഷനുകളിൽ പങ്കെടുക്കില്ല. സോണിയ ​ഗാന്ധിയുടെ വാർഷിക മെഡിക്കൽ ചെക്കപ്പിനായി വിദേശത്തു പോയതിനാലാണ് തിങ്കളാഴ്ച്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഇരുവർക്കും പങ്കെടുക്കാൻ സാധിക്കാത്തത്.

സോണിയയ്ക്കൊപ്പം രാഹുൽ ​ഗാന്ധിയും വിദേശത്താണുള്ളത്. പ്രിയങ്ക ​ഗാന്ധി സോണിയക്കൊപ്പം നിൽക്കാൻ എത്തിയാൽ രാഹുൽ തിരികെ മടങ്ങും.

കൊവിഡ് പശ്ചാത്തലത്തിൽ സോണിയ ​ഗാന്ധിയുടെ മെഡിക്കൽ ചെക്കപ്പുകൾ മുടങ്ങിയിരുന്നുവെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

കൊവിഡ് മഹാമാരിക്ക് ശേഷം ആദ്യമായി നടക്കുന്ന പാർലമെന്റിലെ വർഷകാല സമ്മേളനത്തിൽ സാമ്പത്തിക മാന്ദ്യം, ആരോ​ഗ്യ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിന് വന്ന വീഴ്ച്ച തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ നിർണായക യോ​ഗത്തിൽ സോണിയയുടെയും രാഹുലിന്റെയും അസാന്നിധ്യം ഏറെ ചർച്ചയായേക്കാം.

വിദേശത്ത് പോകുന്നത് മുൻപ് കോൺ​ഗ്രസിന്റെ നേതൃത്വ നിരയിൽ സോണിയ ​ഗാന്ധി വലിയ അഴിച്ചു പണികൾ നടത്തിയിരുന്നു. കോൺ​ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ ഉൾപ്പെടെ കത്തെഴുതിയത് വിവാദമായതിന് ശേഷമായിരുന്നു നേതൃത്വത്തിലെ അഴിച്ചുപണി.

അതിനിടെ കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റിലെ ചോദ്യോത്തരവേള റദ്ദ് ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. സീറോ അവറും ചോദ്യോത്തരവേളയും റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്ര ഉത്തരവിന് പിന്നാലെ ശശി തരൂർ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് നേതാക്കൾ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sonia and Rahul Gandhi wont attend first sessions of parliament monsoon meeting

Latest Stories

We use cookies to give you the best possible experience. Learn more