ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി സോണിയാ ഗാന്ധി
India
ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി സോണിയാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 3:29 pm

ന്യൂദല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പ്രസ്താവനയില്‍ അതൃപ്തി രേഖപ്പെടുത്തി യു.പി.എ അധ്യക്ഷ സോണിയാഗാന്ധി.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണോ എന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യമാണ് സോണിയയെ ചൊടിപ്പിച്ചത്. ചൗധരിയെ വിളിച്ചുവരുത്തിയാണ് സോണിയ അതൃപ്തി രേഖപ്പെടുത്തിയത്.

കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരിയോട് ശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി പറഞ്ഞത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ പറഞ്ഞു.

യു.എന്‍ സാന്നിധ്യവും ഷിംല കരാറും ലാഹോര്‍ ഉടമ്പടിയും ചൂണ്ടിക്കാട്ടിയാണ് ജമ്മുകശ്മീര്‍ ഇന്ത്യയുടെ അഭ്യന്തരവിഷയം മാത്രമാണോ എന്ന ചോദ്യം കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ചത്.

എന്നാല്‍ ഇന്ത്യയുടെ സംസ്ഥാനമെന്ന് ഇന്ത്യന്‍ ഭരണഘടനയും ജമ്മുകശ്മീര്‍ ഭരണഘടനയും അംഗീകരിച്ച പ്രദേശത്തില്‍ പൂര്‍ണ്ണ അധികാരം രാജ്യത്തിനുണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. പാകിസ്ഥാനൊപ്പം ചൈനയുടെ കൈയ്യിലുള്ള പ്രദേശങ്ങളും ഇന്ത്യയുടെ ഭാഗമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370-നെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്ന് അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ലോക്സഭയില്‍ വാഗ്വാദം നടക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം ചോദിച്ചത്.

ലോക്‌സഭയില്‍ ഏറെനേരം അമിത് ഷായും അധിര്‍ രഞ്ജന്‍ ചൗധരിയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. ഷായുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിക്കാന്‍ ശ്രമിച്ച ചൗധരിയോട് നിരവധിതവണ സ്പീക്കര്‍ ഓം ബിര്‍ള സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ലോക്സഭയില്‍ പറഞ്ഞിരുന്നു.

‘നിങ്ങള്‍ പാക് അധീന കശ്മീരിനെക്കുറിച്ചാണു ചിന്തിക്കുന്നതെന്ന് എനിക്കു തോന്നുന്നില്ല. ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനം കേന്ദ്രഭരണ പ്രദേശമാക്കുന്നതിനു വേണ്ടി നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിച്ചു.- എന്നായിരുന്നു ചൗധരി ചോദിച്ചത്.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്.