ചെറുപ്രായത്തില്‍ തന്നെ മലയാളത്തിലെ തിരക്കുള്ള ഗാന രചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാര്‍. ഗപ്പി എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്.
ഭീഷ്മ പര്‍വ്വത്തിലെ ‘രതിപുഷ്പം’ രോമാഞ്ചത്തിലെ ‘ആദരാഞ്ജലികള്‍ നേരട്ടെ’ ആവേശത്തിലെ ‘ഇല്ലുമിനാറ്റി’ ബോഗയ്ന്‍വില്ലയിലെ ‘സ്തുതി’ വാഴയിലെ ‘ഏയ് ബനാനെ’ തുടങ്ങി മലയാള സിനിമയിലെ നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് അദ്ദേഹം വരികള്‍ എഴുതിയിട്ടുണ്ട്. നിലവില്‍ മലയാളത്തില്‍ ഏറെ തിരക്കുള്ള ഗാനരചയിതാവാണ് വിനായക്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ വിനായകിന്റെ വരികളെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലാണ്. വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് വിനായക് ശശികുമാര്‍. സിനിമയും മ്യൂസിക്കും കാലത്തിനനുസരിച്ച് മാറിയെന്നും അതുകൊണ്ടു തന്നെ പാട്ടുകളുടെ വരികള്‍ മാത്രം എണ്‍പതുകളിലെയോ തൊണ്ണൂറുകളിലെയോ പാട്ടുകള്‍ പോലെ എഴുതാന്‍ കഴിയില്ലെന്ന് വിനായക് പറയുന്നു.
പാട്ടിന്റെ വരികള്‍ കാലത്തിനനുസരിച്ച് മാറണമെന്നും അതിനായി ഒന്നോ രണ്ടോ ആളുകള്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആദ്യമെല്ലാം ചിലപ്പോള്‍ അത്തരം ശ്രമങ്ങള്‍ തനിക്ക് തന്നെ ബാക്ക് ഫയര്‍ ആയി മാറുമെന്നും എന്ന് കരുതി ശ്രമങ്ങള്‍ ഉപേക്ഷിക്കില്ലെന്നും വിനായക് കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ കാരണം ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അല്ലെങ്കില്‍ പാട്ട് നിന്നിടത്തുതന്നെ നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിനായക് ശശികുമാര്‍.
‘സിനിമ ഒരുപാട് മുന്നോട്ട് വന്നു. സിനിമ മുന്നേറി എന്ന് ഞാന്‍ പറയുമ്പോള്‍ സിനിമ ബെറ്റര്‍ ആയി എന്നല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. കാലത്തിനനുസരിച്ച് മാറി എന്നാണ്. സിനിമ 2024ലെ സിനിമയായി. മ്യൂസിക്കും 2024ലെ മ്യൂസിക്കായി. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും വരികള്‍ നമുക്ക് എടുത്ത് 2016ലെയോ 2024ലെയോ സിനിമകള്‍ക്ക് എഴുതാന്‍ കഴിയില്ല.
ലിറിക്‌സ് കുറച്ച് കൂടെ അപ്‌ഡേറ്റഡ് ആകണം. ഒരാളോ രണ്ടു പേരോ അതിന്റെ ശ്രമങ്ങള്‍ നടത്തിയാലല്ലേ അത് പരിഹരിക്കാന്‍ കഴിയുകയുള്ളു. അല്ലെങ്കില്‍ അത് മാറാതെ തന്നെ നില്‍ക്കും. ആദ്യമെല്ലാം ചെയ്യുന്നത് ചിലപ്പോള്‍ നമുക്ക് തന്നെ ബാക്ക് ഫയര്‍ ആയി മാറുമായിരിക്കും. എന്ന് കരുതി അതിന് ശ്രമിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ കാരണം ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ എല്ലാം ഏറ്റെടുക്കാന്‍ തയ്യാറാണ്. അല്ലെങ്കില്‍ പാട്ട് നിന്നിടുത്ത് തന്നെ നില്‍ക്കും,’വിനായക് ശശികുമാര്‍ പറയുന്നു.
Content Highlight: Songwriter Vinayak Sasikumar Talks About Criticism