| Friday, 21st April 2023, 7:44 pm

'പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാല്‍ ഇളകിയല്ലോ'; യേശുദാസില്‍ നിന്നും ഷഹബാസിലേക്ക് എത്തുമ്പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആഷിഖ് അബുവിന്റെ സംവിധാനത്തിലൊരുങ്ങിയ നീലവെളിച്ചം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന തിരക്കഥ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്. 59 വര്‍ഷങ്ങള്‍ക്ക് മുമ്പ് എ. വിന്‍സെന്റിന്റെ സംവിധാനത്തില്‍ ഭാര്‍ഗവി നിലയം എന്ന പേരില്‍ ഇതേ തിരക്കഥയില്‍ ഒരു ക്ലാസിക് സിനിമ മലയാളത്തിലിറങ്ങിയതാണ്. അതിനാല്‍ തന്നെ താരതമ്യങ്ങള്‍ക്കുള്ള സാധ്യതയേറെയാണ്. മേക്കിങ്ങിലായാലും അഭിനേതാക്കളുടെ പ്രകടനത്തിലായാലും പാട്ടുകളിലായാലും താരതമ്യങ്ങളുണ്ടാവും.

ഭാര്‍ഗവി നിലയത്തിന്റെ ആത്മാവാണ് അതിലെ പാട്ടുകള്‍. ‘താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’, ‘പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു’ എന്നിങ്ങനെയുള്ള പാട്ടുകള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികളുണ്ടാവില്ല. അത്രക്കും ആഴത്തില്‍ പി. ഭാസ്‌കരന്റെ വരികളില്‍ ബാബുരാജ് ഈണം നല്‍കിയ പാട്ടുകള്‍ മലയാളി മനസില്‍ പതിഞ്ഞിട്ടുണ്ട്. പാട്ടുകളില്‍ കാലത്തിന്റേതായ മാറ്റങ്ങള്‍ വരുത്തിയാണ് ബിജി ബാലും റെക്‌സ് വിജയനും നീലവെളിച്ചം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

ഭാര്‍ഗവി നിലയത്തിലെ പാട്ടുകള്‍ നീലവെളിച്ചത്തിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. പഴയ പാട്ടുകളാണ് കൂടുതല്‍ മികച്ചതെന്ന് പറയുന്നവരും പഴയതിന്റെ ആത്മാവ് കളയാതെ പുനരാവിഷ്‌കരിച്ചു എന്ന് പറയുന്നവരും പഴയതിനെക്കാള്‍ പുതിയത് ഇഷ്ടപ്പെട്ടവരും ഉണ്ടാവും.

‘ഏകാന്തതയുടെ അപാരതീരം’ എന്ന പാട്ടാണ് ആദ്യം തന്നെയെത്തുന്നത്. ഭാര്‍ഗവി നിലയത്തില്‍ കമുകറ പുരുഷോത്തമന്‍ പാടിയ പാട്ട് നീലവെളിച്ചത്തില്‍ ഷഹബാസ് അമനാണ് പാടിയിരിക്കുന്നത്. ഇതുള്‍പ്പെടെ മറ്റ് പാട്ടുകളിലും ഇന്‍സ്ട്രുമെന്റ്‌സില്‍ ആണ് നീലവെളിച്ചം കാര്യമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.

ഇതിന് പിന്നാലെ വരുന്ന ‘പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടി ഞാന്‍’ എന്ന പാട്ട് ഭാര്‍ഗവിയുടെ വിലാപമാണ്. മറ്റൊരു തരത്തില്‍ ഇത് ഭാര്‍ഗവിയുടെ പ്രേതത്തിന്റെ വിലാപമാണ്. ആ ഒരു അമാനുഷികത കൂടി ഈ പാട്ടിനുണ്ട്. ആ എലമെന്റ് വരുത്താന്‍ പാട്ടിന്റെ തുടക്കത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. തുടങ്ങുമ്പോള്‍ ‘പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു’ എന്ന് സാധാരണ ശബ്ദത്തില്‍ ചിത്ര പാടുന്നു. ശേഷം ഒരു മുഴക്കം പോലെയാകുന്ന ശബ്ദം പിന്നീട് ചിതറുകയാണ്. ഇതിലൂടെ ഒരു അമാനുഷിക എലമെന്റ് പാട്ടിലേക്ക് സന്നിവേശിപ്പിക്കാന്‍ ബിജി ബാലിനും റെക്‌സ് വിജയനുമായി.

‘അനുരാഗ മധുചഷകവും’ ‘വാസന്ത പഞ്ചമി നാളിലും’ ഭാര്‍ഗവി നിലയത്തില്‍ ജാനകി പാടിയപ്പോള്‍ നീലവെളിച്ചത്തില്‍ കെ.എസ്. ചിത്രയാണ് പാടിയിരിക്കുന്നത്. ‘താമസമെന്തേ വരുവാന്‍’ പഴയ ചിത്രത്തില്‍ യേശുദാസും പുതിയതില്‍ ഷഹബാസുമാണ് പാടിയിരിക്കുന്നത്. ‘പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാല്‍ ഇളകിയല്ലോ’ എന്ന വരിയിലെ ഭാവം ഭാര്‍ഗവി നിലയത്തിലേത് പോലെ നീലവെളിച്ചത്തില്‍ വന്നിട്ടില്ല എന്നാണ് പഴയ പാട്ടുകളെ പ്രണയിക്കുന്ന ചിലരുടെ അഭിപ്രായങ്ങള്‍. ചിത്രയും ഷഹബാസ് അമനും മികച്ച ഗായകരാണെന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ജാനകിയേയും യേശുദാസിനേയുമാണ്. ‘അറബിക്കടലൊരു മണവാളന്‍’ എന്തുകൊണ്ടോ നീലവെളിച്ചത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്ങനെയായാലും ഭാര്‍ഗവി നിലയത്തിന്റെയും നീലവെളിച്ചത്തിന്റെയും ഭംഗി കൂട്ടുന്നത് പാട്ടുകള്‍ തന്നെയാണ്.

Content Highlight: songs of neelavelicham and bhargavi nilayam

We use cookies to give you the best possible experience. Learn more