സോന്‍ഭദ്ര പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നയിക്കുന്നു?; നേതാക്കളുടെ ആവശ്യം ശക്തമാവുന്നു
Congress Politics
സോന്‍ഭദ്ര പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് നയിക്കുന്നു?; നേതാക്കളുടെ ആവശ്യം ശക്തമാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 7:21 pm

നാല് സ്ത്രീകളടക്കം പത്ത് ദളിതരാണ് ബുധനാഴ്ച സോന്‍ഭാദ്രയിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. 23 പേര്‍ക്ക് പരിക്കേറ്റു. ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സംഭവം നടന്ന് അടുത്ത 24 മണിക്കൂറില്‍ ഒരു രാഷ്ട്രീയ നേതാവ് പോലും സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറായില്ല. അഖിലേഷ് യാദവ് യോഗി ആദിത്യനാത് സര്‍ക്കാരിനെതിരെ പ്രസ്താവന മാത്രം ഇറക്കി തന്റെ ഉത്തരവാദിത്വം നിറവേറ്റി. മായാവതി ഐ.ടി വകുപ്പ് 400 കോടിയുടെ ബിനാമി സ്വത്ത് പിടിച്ചെടുത്തതിനെ കുറിച്ച് മൂന്ന് പേജുള്ള പ്രസ്താവന ഈ ദിവസം പുറത്തിറക്കി. എന്നാല്‍ സോന്‍ഭാദ്രയിലെ സംഭവത്തെ ഒരു വരി പോലും എഴുതുകയോ പറയുകയോ ചെയ്തില്ല.

 

ഈ സമയത്താണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സോന്‍ഭാദ്ര സന്ദര്‍ശിക്കുന്നതിന് വേണ്ടി എത്തിയത്. വെള്ളിയാഴ്ച എത്തിയ പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പ്രിയങ്കയും പ്രവര്‍ത്തകരും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി മൊബൈല്‍ വെളിച്ചത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ചെയ്തത്. ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം അധികൃതര്‍ വിച്ഛേദിച്ചതിനെത്തുടര്‍ന്ന് പ്രിയങ്കയും കൂടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും മൊബൈല്‍ വെളിച്ചത്തിലാണ് പ്രതിഷേധം തുടര്‍ന്നത്. ഇന്ന് പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ
ബന്ധുക്കളെ കാണുകയും ചെയ്തു. ഇവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി 10 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 

ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ അദ്ധ്യക്ഷന്‍ ഇല്ലാത്ത പ്രശ്‌നത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് ദേശീയ മാധ്യമങ്ങളില്‍ അടക്കം കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ പോരാടുന്നു എന്ന് വാര്‍ത്ത വന്നത് പ്രിയങ്ക കാണിച്ച പ്രതിഷേധം കൊണ്ടാണ്. സമൂഹത്തിലെ അടിസ്ഥാന ജനതക്ക് വേണ്ടി താന്‍ സംസാരിക്കുകയും പ്രശ്‌നങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിക്കുകയും ചെയ്യുമെന്ന് വര്‍ധിത വീര്യത്തോടെയാണ് പ്രിയങ്ക പറഞ്ഞത്. ഒരു നേതാവ് തങ്ങള്‍ക്കുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തോന്നിപ്പിക്കുന്ന തരത്തിലാണ് പ്രിയങ്ക ഗാന്ധി സോനാഭദ്രയില്‍ ഇടപെട്ടത്.

 

അത് പ്രിയങ്കയുടെ ഉത്തരവാദിത്വം മാത്രമല്ല, പക്ഷെ നിയമപരവും ധാര്‍മികവുമായ കര്‍ത്തവ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനാവാലെ പറഞ്ഞു. പ്രിയങ്കയുടെ ധര്‍ണ്ണ ബി.ജെ.പി സ്തബ്ദരാക്കുകയും കോണ്‍ഗ്രസിനെ വീണ്ടും കളത്തിലേക്ക് കൊണ്ട് വരുന്നതും ആയിരുന്നു. പ്രിയങ്കയില്‍ നിന്ന് ഒരു പോരാളിയുടെ ശരീര ഭാഷ ബി.ജെ.പി പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. അത് കൊണ്ടാണ് സോന്‍ഭാദ്രയിലേക്ക് കടത്തി വിടില്ലെന്ന നിലപാട് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചത്.

ഇന്നത്തെയും ഇന്നലത്തെയും പ്രിയങ്കയുടെ ഇടപെടലോടെ സഹോദരന്‍ രാജിവെച്ച ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് സഹോദരി തന്നെ വരണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. സോന്‍ഭാദ്രയിലേക്ക് പ്രിയങ്ക പോകുന്നതിന് മുമ്പേ തന്നെ ഈ ആവശ്യം ഉയര്‍ന്നിരുന്നു.