| Monday, 19th August 2019, 7:06 pm

രാജ്യത്ത് ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്; സോനം കപൂറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരിച്ച ബോളിവുഡ് നടി സോനം കപൂറിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. സോനത്തെ അധിക്ഷേപിച്ചും സോനത്തിന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്തുമാണ് ട്വിറ്റര്‍ അടക്കമുള്ള സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.

സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്കു പോവണമെന്നും ട്വിറ്ററില്‍ ആവശ്യപ്പെടുന്നു. #SonamKapoor എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ തരംഗമാവുകയും ചെയ്തു.

ജമ്മു കശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. പാകിസ്താനില്‍ ബോളിവുഡ് ചിത്രങ്ങള്‍ നിരോധിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ബി.ബി.സി ഏഷ്യന്‍ നെറ്റ്വര്‍ക്കുമായി സംസാരിക്കവെ നടത്തിയ അഭിപ്രായ പ്രകടനമാണ് വിവാദമായത്.

370-ാം വകുപ്പ് എടുത്തുകളഞ്ഞതിനു ശേഷമുള്ള കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ചുള്ള ചോദ്യത്തിന് സോനത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു,

‘ഈ വിഷയം കടന്നുപോകുന്നതു വരെ മൗനം പാലിക്കുന്നതാണ് നല്ലത്. കാരണം, ഇതും കടന്നുപോകണം. 70 വര്‍ഷം മുന്‍പ് നമ്മള്‍ ഒരു രാജ്യമായിരുന്നു. ഇപ്പോള്‍ വിഭജിക്കുന്ന രാഷ്ട്രീയമാണ്. അത് സങ്കടകരമാണ്. എനിക്കിപ്പോഴും ഇതേക്കുറിച്ച് മനസിലായിട്ടില്ല.
പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് അതേപ്പറ്റി പുറത്തുവരുന്നത്. എന്താണ് സത്യമെന്ന് എനിക്കറിയില്ല. സമാധാനപരമായ സംഭാഷണത്തിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പൂര്‍ണമായ വിവരം ലഭിച്ചതിനു ശേഷം ഞാന്‍ അതിനെപ്പറ്റി അഭിപ്രായം പറയാം’- സോനം അഭിമുഖത്തില്‍ പറഞ്ഞു.

താന്‍ പകുതി സിന്ധിയും പകുതി പെഷാവറിയും ആണെന്നും സോനം പറഞ്ഞു. കലാകാരി എന്ന നിലയില്‍ തന്റെ സിനിമ ലോകത്ത് എല്ലായിടത്തും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും നിരോധനത്തില്‍ നിരാശയുണ്ടെന്നും സോനം പറഞ്ഞു. തനിക്ക് പാകിസ്താനില്‍ ആരാധകരുണ്ടെന്നും തന്റെ അടുത്ത രണ്ട് സുഹൃത്തുക്കള്‍ മുസ്‌ലിംങ്ങളും അര്‍ധ പാകിസ്താനികളുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്ക് മറുപടിയുമായും സോനം രംഗത്തെത്തി.

‘ചങ്ങാതിമാരേ, ദയവായി ശാന്തരാകൂ… ജീവിക്കാന്‍ നോക്കൂ. ഒരാള്‍ പറയുന്ന കാര്യം വളച്ചൊടിച്ച് നിങ്ങള്‍ക്കാവശ്യമുള്ള തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അയാളുടെ പ്രതിഫലനമല്ല, നിങ്ങളുടേതാണ്. അതുകൊണ്ട് കണ്ണാടി നോക്കി നിങ്ങള്‍ ആരാണെന്നു കാണുക. വല്ല ജോലിയും ചെയ്യുക’- സോനം പറഞ്ഞു.

We use cookies to give you the best possible experience. Learn more