| Saturday, 14th November 2020, 7:40 pm

സ്ത്രീകളെപ്പറ്റിയെഴുതുന്ന പാട്ടിലും തിരക്കഥയിലും മാറ്റം വരുത്തേണ്ട സമയമായി; സിനിമയിലെ സെക്‌സിസത്തിനെതിരെ സോനം കപൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ബോളിവുഡിലെ സെക്‌സിസ്റ്റ് കാഴ്ചപ്പാടുകളോട് പ്രതികരിച്ച് നടി സോനം കപൂര്‍. സിനിമയില്‍ സ്ത്രീകളെപ്പറ്റിയെഴുതുന്ന ഗാനങ്ങളിലും തിരക്കഥയിലും കാര്യമായ മാറ്റം വരുത്തേണ്ട സമയമായെന്ന് സോനം പറഞ്ഞു.

കോസ്‌മോപോളിറ്റന്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബോളിവുഡിലെ സെക്‌സിസ്റ്റ് നിലപാടുകളോട് സോനത്തിന്റെ പ്രതികരണം.

ഇക്കാലത്ത് പോലും നടിമാരാണെങ്കില്‍ പ്രത്യേക രീതിയില്‍ തന്നെ വസ്ത്രം ധരിക്കണമെന്നും അഭിനയം പ്രത്യേക രീതിയിലായിരിക്കണമെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്. ഈ അവസരത്തില്‍ സ്ത്രീകള്‍ തന്നെ ഉറച്ച നിലപാട് എടുക്കുകയും കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്- സോനം പറഞ്ഞു.

ഈ കാഴ്ചപ്പാടുകളെ എതിര്‍ക്കുമ്പോഴും പഴയരീതിയില്‍ തന്നെ മുന്നോട്ട് പോകാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന പലരും ബോളിവുഡിലുണ്ടെന്നും സോനം പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു സമ്മര്‍ദ്ദം തനിക്ക് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നും സോനം പറഞ്ഞു.

സ്ത്രീയെ ലൈംഗിക വസ്തുവായി മാത്രം അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ ചലച്ചിത്ര മേഖലയിലെ എല്ലാ സ്ത്രീകളും ഒന്നിക്കണം. ഇത്തരത്തിലുള്ള പ്രോജക്ടുകള്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറിയാല്‍ മാത്രമേ മാറ്റമുണ്ടാകുകയുള്ളുവെന്നും സോനം പറഞ്ഞു.

‘സ്ത്രീകളെക്കുറിച്ചെഴുതുന്ന പാട്ടിന്റെ വരികള്‍ ശ്രദ്ധിക്കൂ…അത് മാറണം. സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി ഒട്ടും ശരിയല്ല. അത്തരം സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ നാം തയ്യാറാവരുത്. അതിലൂടെ നാം സ്വയം ഇല്ലാതാകുകയാണ്. പ്രത്യേകിച്ച് ഈ വര്‍ഷത്തില്‍ സംഭവിച്ച ചിലകാര്യങ്ങള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തരം പ്രോജക്ടുകളില്‍ നിന്ന് പിന്മാറേണ്ടത് അനിവാര്യമാണെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്’, സോനം പറഞ്ഞു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sonam kapoor talks about sexism in bollywood

We use cookies to give you the best possible experience. Learn more