| Sunday, 21st June 2020, 7:34 pm

'സുശാന്തിന് പകരം നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍'; സോനത്തിനെതിരെ വന്നത് രൂക്ഷമായ സൈബര്‍ ആക്രമണം, സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കു വെച്ച് സോനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷം ബോളിവുഡില്‍ സ്വജനപക്ഷ പാതം വന്‍ വിവാദമായിരിക്കെ നടി സോനം കപൂറിനെതിരെ വന്നത് വ്യാപക സൈബര്‍ ആക്രണം. കരണ്‍ ജോഹറിന്റെ ടി.വി ഷോയില്‍ വെച്ച് സോനം സുശാന്തിനെ അറിയില്ലെന്ന് പറഞ്ഞ പഴയ വീഡിയോ പ്രചരിച്ചതിനു പിന്നാലെയാണ് സോനത്തിനെതിരെ സൈബര്‍ ആക്രമണം നടന്നത്.

സോനം തന്നെയാണ് തനിക്ക് ലഭിച്ച മോശപ്പെട്ട കമന്റുകളുടെ സ്‌കീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കു വെച്ചത്. ഒപ്പം ഇവര്‍ക്ക് മറുപടിയും സോനം നല്‍കുന്നുണ്ട്.

സുശാന്തിന് പകരം നിങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എന്നാണ് സോനം ഷെയര്‍ ചെയ്ത ഒരു സ്‌ക്രീന്‍ ഷോട്ടില്‍ എഴുതിയിരിക്കുന്നത്. സുശാന്തിന്റെ മരണത്തിന് നിങ്ങളും ഉത്തരവാദികളാണെന്നും നിങ്ങള്‍ക്ക് ഒരിക്കലും സന്തോഷം ലഭിക്കില്ലെന്ന് പ്രതീക്ഷിക്കുന്നെന്നുമാണ് ഒരു മെസേജില്‍ പറയുന്നത്.

സുശാന്തിന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ കരഞ്ഞതു പോലെ ഭാവിയില്‍ നിങ്ങളുടെ മക്കളുടെ മരണത്തില്‍ നിങ്ങളും കരയുമെന്നും ഈ മെസേജില്‍ എഴുതിയിരിക്കുന്നു.

ഈ സ്‌ക്രീന്‍ ഷോട്ടുകള്‍ക്കൊപ്പം ഇവയ്ക്കുള്ള മറുപടിയും സോനം എഴുതിയിട്ടുണ്ട്.

സുശാന്തിനെ കുറിച്ച് പറഞ്ഞ വീഡിയോ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണെന്നും ആ സമയത്ത് സുശാന്തിന്റെ ഒരു സിനിമയേ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നുള്ളൂ എന്നുമാണ് ഒരു സ്‌ക്രീന്‍ ഷോട്ടിനൊപ്പം സോനം എഴുതിയിരിക്കുന്നത്. ഒപ്പം കരണിന്റെ ഷോയുടെ മറ്റ് എപ്പിസോഡുകള്‍ കാണാനും അവയില്‍ ചിലര്‍ തന്നെക്കൊണ്ടും ഇത്തരത്തില്‍ പറയാറുണ്ടെന്നും ആ ഷോയുടെ സ്വഭാവമതാണെന്നും സോനം പറയുന്നു.

സൈബര്‍ ആക്രമണം രൂക്ഷമായതിനു പിന്നാലെ സോനം തന്റെയും സോനത്തിന്റെ മാതാപിതാക്കളുടെ ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സ് ഓഫ് ചെയ്യുകയും ചെയ്തു. 64 വയസ്സുള്ള തന്റെ മാതാപിതാക്കള്‍ ഇതിലൂടെ കടന്നു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സോനം പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more