മുംബൈ: ബോളിവുഡും ക്രിക്കറ്റും തമ്മിലുള്ള പെര്‍ഫെക്ട് മാച്ചാണ് ഐ.പി.എല്‍. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും പ്രീതി സിന്റയും ശില്‍പ്പാ ഷെട്ടിയും ജൂഹി ചൗളയുമെല്ലാം ഐ.പി.എല്ലിന്റെ ഭാഗമാണ്.
ഐ.പി.എല്ലിന്റെ വരവോടെ പല സിനിമാ താരങ്ങളും ക്രിക്കറ്റിനോടുള്ള തങ്ങളുടെ ഇഷ്ടവും താല്പര്യവുമെല്ലാം തുറന്നു പറഞ്ഞ് രംഗത്തെ്ത്തിയിട്ടുണ്ട്. ക്രിക്കറ്റ്-ബോളിവുഡ് ബന്ധത്തിന്റെ ഫലമാണ് അനുഷ്കയേയും വിരാടിനേയും പോലുള്ള താരജോഡികള്‍ വരെ. ഇപ്പോഴിതാ ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടുമുള്ള തന്റെ ഇഷ്ടം അറിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹ.
ഒരു സിനിമാ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സൊനാക്ഷി തന്റെ ഇഷ്ട ക്രിക്കറ്റ് താരം ആരാണെന്ന് വ്യക്തമാക്കിയത്. സാധാരണ ഇങ്ങനൊരു ചോദ്യത്തിന് വിരാട് കോഹ്ലിയെന്നോ എം.എസ് ധോണിയെന്നോ ആയിരിക്കും മറുപടി. എന്നാല്‍ ഇവര്‍ രണ്ടു പേരുമല്ല സൊനാക്ഷിയുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരം.
സുരേഷ് റെയ്നയാണ് ദബംഗ് ഗേളിന് ഏറ്റവും ഇഷ്ടമുള്ള ക്രിക്കറ്റ് താരം. ഇന്ത്യയ്ക്ക് വേണ്ടിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിലാണെങ്കിലും റെയ്നയുടെ കളി കാണാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്ന് സൊനാക്ഷി പറയുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി-20 ടീമിലേക്ക് തിരികെ എത്തിയതിന് പിന്നാലെ റെയ്നയ്ക്ക് അഭിനന്ദവുമായി സൊനാക്ഷി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.