' ബാഹ്യ ഇടപെടലൊന്നുമല്ല, മനുഷ്യര്‍ മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുവെന്ന് പ്രചരിപ്പിക്കൂ'; കേന്ദ്രത്തിന്റെ ക്യാംപെയിനെതിരെ സോനാക്ഷി സിന്‍ഹ
farmers protest
' ബാഹ്യ ഇടപെടലൊന്നുമല്ല, മനുഷ്യര്‍ മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുവെന്ന് പ്രചരിപ്പിക്കൂ'; കേന്ദ്രത്തിന്റെ ക്യാംപെയിനെതിരെ സോനാക്ഷി സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th February 2021, 8:59 pm

ന്യൂദല്‍ഹി: കര്‍ഷക സമരം ആഗോളതലത്തില്‍ ചര്‍ച്ചയായതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സെലിബ്രിറ്റികള്‍ രംഗത്തെത്തിയ ക്യാംപെയിനിനെതിരെ വിമര്‍ശനവുമായി നടി സോനാക്ഷി സിന്‍ഹ.

രാജ്യത്ത് നടന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്കെതിരെയും, ഇന്റര്‍നെറ്റ് വിഛേദിച്ചതിനെതിരെയും, അധികാര ദുര്‍വിനിയോഗത്തെയും ചോദ്യം ചെയ്താണ് ആഗോള തലത്തില്‍ ഇപ്പോള്‍ ശബ്ദമുയര്‍ന്നതെന്ന് സോനാക്ഷി പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കപ്പെടുന്നു. ഇന്റര്‍നെറ്റ് വിഛേദിക്കുന്നു. പ്രതിഷേധക്കാരെ ഉപദ്രവിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. വിദ്വേഷ പ്രചരണങ്ങള്‍ വ്യാപിക്കുന്നു. ഇതൊക്കെയാണ് ആഗോളതലത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ കാരണം’, സോനാക്ഷി പറഞ്ഞു.

നമ്മുടെ രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ബാഹ്യശക്തികള്‍ ഇടപെടുന്നുവെന്ന പ്രചരണമാണ് നടക്കുന്നതെന്നും എന്നാല്‍ ഇത് തെറ്റാണെന്നും സോനാക്ഷി പറഞ്ഞു.മനുഷ്യര്‍ മറ്റ് മനുഷ്യര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് ഇവിടെയെന്നും അങ്ങനെയാണ് പ്രചരിപ്പിക്കേണ്ടതെന്നും സോനാക്ഷി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

സച്ചിനുള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സിനിമാമേഖലയില്‍ നിന്നുള്ളവരും റിഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു.

ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Sonakshi Sinha Aganist India’s Campaign Aganist Farmers Protest