പ്രഭുദേവയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനായ ചിത്രമാണ് റൗഡി റാത്തോര്‍. സഞ്ജയ് ലീല ബന്‍സാലി നിര്‍മിച്ച ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയാണ് നായികയായത്. സ്ത്രീ വിരുദ്ധമായ നിരവധി രംഗങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട റൗഡി റാത്തോര്‍ രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം വിക്രമര്‍ക്കുഡുവിന്റെ ഹിന്ദി റീമേക്കായിരുന്നു. രവി തേജയും അനുഷ്‌ക ഷെട്ടിയുമാണ് തെലുങ്കില്‍ അഭിനയിച്ചത്.
ചിത്രത്തിലെ സ്ത്രീവിരുദ്ധ രംഗങ്ങളില്‍ പ്രതികരിക്കുകയാണ് സൊനാക്ഷി. അന്ന് താന്‍ വളരെ ചെറുപ്പമായിരുന്നെന്നും അത്തരത്തിലൊന്നും ചിന്തിച്ചിരുന്നില്ലെന്നും സൊനാക്ഷി പറഞ്ഞു.
പ്രഭുദേവയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രത്തില്‍ അഭിനയിക്കാമെന്ന് മാത്രമേ ചിന്തിച്ചുള്ളൂവെന്നും ഇന്ന് അത്തരമൊരു ചിത്രം വന്നാല്‍ ചെയ്യില്ലെന്നും ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ സൊനാക്ഷി പറഞ്ഞു.
‘ഇന്ന് ഞാന്‍ അത്തരമൊരു ചിത്രം ഒരിക്കലും ചെയ്യില്ല. ആ സമയത്ത് ഞാന്‍ വളരെ ചെറുപ്പമായിരുന്നു. ഇത്തരത്തിലൊന്നും ചിന്തിച്ചിരുന്നില്ല. പ്രഭുദേവയുടെ സിനിമ, അക്ഷയ് കുമാര്‍ നായകനാവുന്നു, അത്തരമൊരു ചിത്രത്തിന് ആരാണ് നോ പറയുക. സഞ്ജയ് ലീല ബന്‍സാലിയാണ് അത് നിര്‍മിക്കുന്നത്. എന്തിന് ഞാന്‍ നോ പറയണം.
അന്ന് എന്റെ ചിന്ത വളരെ വ്യത്യസ്തമായിരുന്നു. ഇന്ന് അത്തരമൊരു ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയാല്‍ ആ ചിത്രം ചെയ്യില്ല. കാര്യങ്ങള്‍ മാറി, ഞാന്‍ ഒരുപാട് മാറി.
ആളുകള്‍ ഈ വിഷയത്തില്‍ എന്നെയാണ് കുറ്റപ്പെടുത്തിയിരുന്നത്. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകളാണല്ലോ എപ്പോഴും വില്ലന്മാര്‍. അത് എഴുതിയ തിരക്കഥാകൃത്തിനെ ആളുകള്‍ കുറ്റം പറയില്ല. അത് സംവിധാനം ചെയ്ത സംവിധായകനെ കുറ്റപ്പെടുത്തില്ല,’ സൊനാക്ഷി പറഞ്ഞു.
Content Highlight: sonakshi sinha about rowdy rathore movie