| Sunday, 1st December 2024, 1:18 pm

ആ രണ്ട് മലയാള നടിമാരെ വെല്ലാന്‍ ഇനിയൊരാള്‍ ജനിക്കുമോയെന്ന് സംശയമാണ്: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിമാരില്‍ തന്നെ സ്വാധീനിച്ചത് കെ.പി.എ.സി ലളിതയും ഉര്‍വശിയുമാണെന്ന് പറയുകയാണ് നടി സോന നായര്‍. കെ.പി.എ.സി ലളിത തന്റെ എവര്‍ഗ്രീന്‍ ആര്‍ട്ടിസ്റ്റാണെന്നും അഭിനേതാക്കള്‍ എന്ന നിലയില്‍ തന്നെ കുറച്ച് ആളുകള്‍ മാത്രമാണ് സ്വാധീനിച്ചിട്ടുള്ളൂവെന്നും സോന പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കെ.പി.എ.സി ലളിതയും ഉര്‍വശിയും രണ്ട് വ്യത്യസ്തമായ ജനറേഷനിലെ ആളുകളാണെന്നും ഇവരെ വെല്ലാനായി ഇനിയൊരാള്‍ ജനിക്കുമോയെന്ന് തന്നിലെ നടിക്ക് സംശയമാണെന്നും സോന നായര്‍ കൂട്ടിച്ചേര്‍ത്തു. റിഹേഴ്‌സലും ടേക്കും ഒരുപോലെ ലാഘവത്തോടെ ചെയ്യുന്ന ഒന്നോരണ്ടോ ആര്‍ട്ടിസ്റ്റുകള്‍ മാത്രമേയുള്ളൂവെന്നും മോഹന്‍ലാലും ജഗതിയും പരേഷ് റാവലും നാനാ പടേക്കറും അത്തരത്തിലുള്ള ആളുകളാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.

‘റിഹേഴ്‌സലും ടേക്കും ഒരുപോലെ ലാഘവത്തോടെ ചെയ്യുന്ന ഒന്നോരണ്ടോ ആര്‍ട്ടിസ്റ്റുകള്‍ മാത്രമേയുള്ളൂ. ലാലേട്ടന്‍, അമ്പിളി ചേട്ടന്‍, പരേഷ് റാവല്‍, നാനാ പടേക്കര്‍ ഇങ്ങനെയുള്ള നടന്മാരിലാണ് അത് കണ്ടിട്ടുള്ളത്. ഇവരുടെയൊക്കെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വിരളം ആക്ടേഴ്‌സ് മാത്രമാണ് എന്നെ സ്വാധീനിച്ചിട്ടുള്ളത്.

നടിമാരില്‍ എന്നെ സ്വാധീനിച്ചത് കെ.പി.എ.സി ലളിതാന്റിയാണ്. എന്റെ എവര്‍ഗ്രീന്‍ ആര്‍ട്ടിസ്റ്റാണ്. ഇപ്പോഴും എപ്പോഴും എന്നും. അതുപോലെ തന്നെ ഉര്‍വശി ചേച്ചിയുമുണ്ട്. ഇവര് രണ്ടുപേരും രണ്ട് വ്യത്യസ്തമായ ജനറേഷനിലെ ആളുകളാണ്. ഇവരെ രണ്ടുപേരെയും വെല്ലാനായിട്ട് ഇനിയൊരാള്‍ ജനിക്കുമോ അതോ ജനിച്ചിട്ടുണ്ടോയെന്ന് എന്നിലെ നടിക്ക് സംശയമാണ്.

ആക്ടേഴ്‌സ് എന്ന നിലയില്‍ എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തത് ഇവര് തന്നെയാണ്. അവരുടെ കൂടെയൊക്കെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചുവെന്നത് വലിയ കാര്യമാണ്. ഉര്‍വശി ചേച്ചിയുടെ കൂടെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. പക്ഷെ ചേച്ചിയുമായി നല്ല പരിചയമാണ്. ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍ പറ്റാത്തത് എന്റെ നിര്‍ഭാഗ്യമാണ്. അതില്‍ എനിക്ക് സങ്കടമാണ്,’ സോന നായര്‍ പറഞ്ഞു.


Content Highlight: Sona Nair Talks About Urvashi And KPAC Lalitha

We use cookies to give you the best possible experience. Learn more