| Sunday, 8th December 2024, 11:03 am

ആ പുതുമുഖ നടി വലിയ ഗ്രാഫിലാണ് നില്‍ക്കുന്നത്; അവളെയും എന്നെയും താരതമ്യം ചെയ്യാനാവില്ല: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉറൂബിന്റെ കഥയ്ക്ക് ഹരികുമാര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2004ല്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ച ടെലിഫിലിം ആയിരുന്നു രാച്ചിയമ്മ. അതില്‍ സോന നായരായിരുന്നു രാച്ചിയമ്മയായി എത്തിയത്. ആ വര്‍ഷം കാവേരി ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്‌സില്‍ സോനയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2024ല്‍ ‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തില്‍ രാച്ചിയമ്മയുടെ കഥ വീണ്ടും പറഞ്ഞു. വേണു സംവിധാനം ചെയ്തപ്പോള്‍ നടി പാര്‍വതി തിരുവോത്തായിരുന്നു ഇതില്‍ രാച്ചിയമ്മയായി എത്തിയത്.

പാര്‍വതിയുടെ രാച്ചിയമ്മ എന്ന കഥാപാത്രം വലിയ ചര്‍ച്ചയായിരുന്നു. രാച്ചിയമ്മയെ പാര്‍വതി അവതരിപ്പിച്ചത് പോരാ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. ദൂരദര്‍ശന്‍ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത സോന നായരുടെ ടെലിഫിലിമിന് താഴെയും നിരവധി പേര്‍ അത് കമന്റ് ചെയ്തിരുന്നു.

സോന നായരാണ് ഉറൂബിന്റെ രാച്ചിയമ്മയോട് നീതി പുലര്‍ത്തിയതെന്നും പാര്‍വതിയുടെ രാച്ചിയമ്മ അത്ര പോരായെന്നുമായിരുന്നു മിക്ക കമന്റുകളും. അത്തരത്തില്‍ താരതമ്യം ചെയ്യുന്നത് കണ്ടിരുന്നോവെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സോന നായര്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഒരുപാട് ആളുകള്‍ അത്തരം കമന്റുകളും പോസ്റ്റുകളും എനിക്ക് അയച്ചു തന്നിരുന്നു. സുകൃതം സംവിധാനം ചെയ്ത ഹരികുമാര്‍ ആയിരുന്നു രാച്ചിയമ്മയുടെ ടെലിഫിലിം ചെയ്തത്. വളരെ ലഘുവായിട്ട് 20 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു രാച്ചിയമ്മയായിരുന്നു അത്.

രാച്ചിയമ്മയുടെ പുസ്തകം ഞാന്‍ വായിച്ചിരുന്നു. സിനിമയാക്കാന്‍ ഉദേശിച്ചിരുന്ന കഥയായിരുന്നു അത്. ഉറൂബിന്റെ ഒരു നോവലിലെ രാച്ചിയമ്മ എന്ന കഥാപാത്രം എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ടായിരുന്നു. കാരണം ഒരു ആര്‍ട്ടിസ്റ്റിന് അത്തരമൊരു കഥാപാത്രം കിട്ടുകയെന്നത് വലിയ ഭാഗ്യം തന്നെയാണ്.

അന്ന് ഞാന്‍ ചെയ്തത് ഹരികുമാര്‍ എന്ന സംവിധായകന്റെ രാച്ചിയമ്മയെ ആണ്. പാര്‍വതി ചെയ്തത് വേണു ചേട്ടന്റെ രാച്ചിയമ്മയെയാണ്. രണ്ടിനും അജഗജാന്തരമായ വ്യത്യാസമുണ്ട്. അഭിനയത്തെ കുറിച്ചല്ല ഞാന്‍ പറയുന്നത്. ആ കഥയെ എടുത്ത് വെച്ച രീതിയും ആ കഥാപാത്രത്തെ കൊണ്ടുവന്ന രീതിയും നല്ല വ്യത്യാസമുണ്ട്.

ഈ രണ്ട് രാച്ചിയമ്മമാരില്‍ ഏതാണ് മികച്ചതെന്ന് പറയുന്നത് സിനിമ കണ്ടവരും ആ പുസ്തകം വായിച്ചിട്ടുള്ളവരുമാണ്. പാര്‍വതിയൊക്കെ എവിടെയോ ഏതോ വലിയ ഗ്രാഫില്‍ നില്‍ക്കുന്ന നടിയാണ്. പുതുമുഖ നടിമാരില്‍ എനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് പാര്‍വതി. ആ കുട്ടിയുടെ ആക്ടിങ്ങുമൊക്കെ വേറെ തന്നെയൊരു ഗ്രാഫാണ്.

നമുക്ക് ഒരിക്കലും ആര്‍ട്ടിസ്റ്റിനെ കുറ്റം പറയാനാവില്ല. എല്ലാം ആ സിനിമയെടുക്കുന്ന ആളുടെ കയ്യിലാണ്. അഭിനേതാക്കള്‍ ഒരിക്കലും തനിച്ച് വന്ന് ക്യാമറ ഓണ്‍ ചെയ്ത് അഭിനയിക്കുകയല്ലല്ലോ. അവിടെയൊരു ക്യാപ്റ്റനുണ്ട്. ആ ക്യാപ്റ്റന്റെ രാച്ചിയമ്മയാണ് അത്. അതുകൊണ്ട് ഒരു കാരണവശാലും രണ്ട് ആക്ടേഴ്‌സിന്റെ അഭിനയത്തെ വെച്ച് നമുക്ക് താരതമ്യപ്പെടുത്താന്‍ സാധിക്കില്ല,’ സോന നായര്‍ പറഞ്ഞു.

Content Highlight: Sona Nair Talks About Parvathy Thiruvoth And Rachiyamma

Video Stories

We use cookies to give you the best possible experience. Learn more