രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് നരന്‍. 2005ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകനായി എത്തിയത്.
അദ്ദേഹത്തിന് പുറമെ മധു, സിദ്ദിഖ്, ഭാവന, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ദേവയാനി, മാമുക്കോയ, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു നരനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു കുന്നുമ്മേല്‍ ശാന്ത. ആ കഥാപാത്രമായി എത്തിയത് നടി സോന നായര്‍ ആയിരുന്നു. കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഷൂട്ടിങ്ങിന്റെ സമയത്ത് പൂര്‍ണത ഉണ്ടായിരുന്നെന്നും എന്നാല്‍ റിലീസിന്റെ സമയത്ത് ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് പോയെന്നും പറയുകയാണ് സോന. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തിന് ഒരു പൂര്‍ണത ഉണ്ടായിട്ടില്ല. ഷൂട്ടിങ്ങില്‍ പൂര്‍ണത ഉണ്ടായിരുന്നു, എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ പൂര്‍ണത ഉണ്ടായില്ല. എഡിറ്റ് ചെയ്ത് പോയതാണ്. ശാന്തയെ ഇന്‍ട്രൊഡക്ഷന്‍ ചെയ്ത രീതിയും അതില്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയും അതിന്റെ അവസാനവും അത്രയേറെ ശക്തമായിരുന്നു.
ആ മൂന്ന് കാര്യങ്ങളും സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നില്ല. എന്റെ ചെറിയ ഒരു പ്രകടനമെന്നേ ആ സിനിമയിലെ കഥാപാത്രത്തെ കുറിച്ച് എനിക്ക് പറയാന്‍ പറ്റുകയുള്ളൂ. ഞാന്‍ അതില്‍ വലിയ സംഭവമായി ചെയ്തിട്ടുണ്ട് എന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല.
പക്ഷെ ഇപ്പോഴും ആളുകള്‍ ആ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ഞാന്‍ അവരോട് നന്ദി പറയാറുണ്ട്. അങ്ങനെ നന്ദി പറയുമ്പോഴും എന്റെ മനസില്‍ വലിയ ഒരു സങ്കടമുണ്ട്. അത് എങ്ങനെ ഞാന്‍ ആളുകളെ അറിയിക്കും. ഞാന്‍ ചെയ്ത് വെച്ചത് എങ്ങനെ ആളുകള്‍ കാണുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.
കാരണം അത്ര മനോഹരമായിട്ടുള്ള രണ്ടുമൂന്ന് സീനുകളാണ് പോയത്. ശാന്തയുടെ പക്കാ ക്യാരക്ടറൈസേഷനാണ് ആ പോയ സീനില്‍ ഉണ്ടായിരുന്നത്. നിങ്ങള്‍ കാണുന്ന കുന്നുമ്മല്‍ ശാന്തയായിരുന്നില്ല ഷൂട്ടില്‍ ഉണ്ടായിരുന്നത്. അതില്‍ എനിക്ക് ഇപ്പോഴും ചെറിയ നിരാശയുണ്ട്,’ സോന നായര്‍ പറഞ്ഞു.
Content Highlight: Sona Nair Talks About Naran Movie Deleted Scene