|

രണ്ട് ടേക്കില്‍ ഓക്കെയാക്കുന്ന ആ നടനെ കൊണ്ട് ഇരുപതോളം ടേക്കുകള്‍ എടുപ്പിച്ചു; എനിക്ക് അന്ന് അതിശയം തോന്നി: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളിയെ നായകനാക്കി പ്രിയനന്ദനന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു നെയ്ത്തുകാരന്‍. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് മുരളിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

സിനിമയില്‍ സോന നായരും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നെയ്ത്തുകാരനിലൂടെ സോനക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടാന്‍ സാധിച്ചിരുന്നു. ഒപ്പം സംവിധായകന്‍ പ്രിയനന്ദനന് മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു.

ഓരോ സീനും കൂടിപോയാല്‍ രണ്ട് ടേക്കില്‍ ഓക്കെയാക്കുന്ന നടന്‍ മുരളിയെ കൊണ്ട് സംവിധായകന്‍ ഇരുപതോളം ടേക്കുകള്‍ എടുപ്പിച്ചുവെന്ന് പറയുകയാണ് സോന നായര്‍. തനിക്ക് അതില്‍ വലിയ അതിശയം തോന്നിയെന്നും കുറേ ടേക്ക് പോകുന്നത് കണ്ട് താന്‍ പ്രിയനന്ദനനെ തന്നെ നോക്കി നിന്നുവെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോന നായര്‍.

‘നെയ്ത്തുകാരന്‍ എന്ന സിനിമ സംവിധായകന്‍ പ്രിയനന്ദനനും എനിക്കും സ്റ്റേറ്റ് അവാര്‍ഡ് വാങ്ങി തന്നു. മുരളി സാറിന് ആ സിനിമയിലൂടെ നാഷണല്‍ അവാര്‍ഡ് കിട്ടി. ഞങ്ങള്‍ മൂന്നുപേര്‍ക്കും റെക്കഗ്നേഷന്‍ ലഭിച്ച സിനിമയായിരുന്നു നെയ്ത്തുകാരന്‍.

ഈ സിനിമ വളരെ ലോ ബജറ്റിലായിരുന്നു ചെയ്തത്. ഒരു പാവപ്പെട്ട പടമെന്ന് വേണമെങ്കില്‍ പറയാം. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ വളരെ പാവപ്പെട്ട, ലോ ബജറ്റില്‍ വന്ന സിനിമയാണ്. ഞാന്‍ മുരളി സാറിനൊപ്പം അതിന് മുമ്പ് വടക്കുംനാഥന്‍ എന്ന സിനിമ ചെയ്തിരുന്നു. അതില്‍ മരുമകളായിട്ടാണ് അഭിനയിച്ചത്. നെയ്ത്തുകാരനിലും മരുമകള്‍ തന്നെയായിരുന്നു.

അതുകൊണ്ട് തന്നെ അദ്ദേഹത്തെ കുറിച്ച് എനിക്ക് നന്നായി അറിയാമായിരുന്നു. കഥ കേട്ടപ്പോള്‍ ആ സിനിമയില്‍ ഉടനീളമുള്ള ഗീത എന്ന കഥാപാത്രമായിരുന്നു എന്റേത്. എനിക്ക് എന്നും പ്രിയപ്പെട്ട ഒരു കഥാപാത്രമാണ് നെയ്ത്തുകാരനിലേത്.

ഈ സിനിമയില്‍ ഒരുപാട് ടേക്ക് എടുക്കേണ്ടി വന്നിരുന്നു. അതിന് കാരണം മുരളി സാറോ ഞാനോ ആയിരുന്നില്ല. പ്രിയന്‍ജി (പ്രിയനന്ദനന്‍) ആയിരുന്നു കുറേ ടേക്ക് എടുപ്പിച്ചത്. അദ്ദേഹം ഒരു ഇരുപതോളം ടേക്കുകള്‍ എടുക്കുമായിരുന്നു. ആളുടെ മൈന്‍ഡില്‍ ഉള്ള സാധനം വരണമായിരുന്നു. അതേസമയം അദ്ദേഹത്തിന് മനസില്‍ എന്താണെന്ന് കാണിച്ചു തരാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.

എനിക്ക് അതില്‍ വലിയ അതിശയം തോന്നി. കാരണം മുരളി സാറിനെ കൊണ്ടാണ് പ്രിയന്‍ജി ഇത് ചെയ്യിക്കുന്നത്. കൂടിപോയാല്‍ രണ്ട് ടേക്കില്‍ എല്ലാം ഓക്കെയാക്കുന്ന ആളാണ് മുരളി സാര്‍. കുറേ ടേക്ക് പോകുന്നത് കണ്ട് ഞാന്‍ പ്രിയന്‍ജിയെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. അത്രയേറെ ക്ലാരിറ്റിയുള്ള സംവിധായകനായിരുന്നു പ്രിയന്‍ജി,’ സോന നായര്‍ പറഞ്ഞു.


Content Highlight: Sona Nair Talks About Actor Murali And Director Priyanandanan