Entertainment
ഓരോ സീന്‍ എടുത്തുതീരുമ്പോഴും നാഷണല്‍ അവാര്‍ഡിനുള്ള സ്‌കോപ്പുണ്ടെന്ന് ക്രൂ മൊത്തം മുരളിചേട്ടനോട് പറയാറുണ്ടായിരുന്നു: സോന നായര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 18, 09:27 am
Saturday, 18th January 2025, 2:57 pm

സിനിമാ- സീരിയല്‍ രംഗത്ത് വര്‍ഷങ്ങളായി നിറഞ്ഞുനില്‍ക്കുന്ന നടിയാണ് സോന നായര്‍. നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ ചെയ്തിട്ടുള്ള സോന തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രിയനന്ദന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡും സോന സ്വന്തമാക്കിയിട്ടുണ്ട്.

നെയ്ത്തുകാരന്‍ എന്ന സിനിമയുടെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സോന നായര്‍. ഒരു പുതുമുഖ സംവിധായകന്റെ സിനിമയായതുകൊണ്ട് ഷൂട്ട് തുടങ്ങുന്ന ദിവസം അതിന്റെ പ്രൊഡ്യൂസര്‍ മുങ്ങിയെന്നും എന്ത് ചെയ്യുമെന്ന് അറിയാത്ത അവസ്ഥയായെന്നും സോന നായര്‍ പറഞ്ഞു. പലരും കൈയില്‍ നിന്ന് പൈസയിട്ടാണ് ആ സിനിമ പൂര്‍ത്തിയാക്കിയതെന്നും ഒടുവില്‍ ഒരുപാട് അവാര്‍ഡ് ആ സിനിമക്ക് കിട്ടിയെന്നും സോന കൂട്ടിച്ചേര്‍ത്തു.

സെറ്റിലെ എല്ലാവര്‍ക്കും എങ്ങനെയാണ് ഭക്ഷണത്തിനുള്ള പൈസ ഒപ്പിച്ചതെന്ന് തനിക്ക് ഇന്നും അറിയില്ലെന്നും ഒരുപാട് കഷ്ടപ്പാടുകള്‍ ആ സിനിമക്ക് പിന്നിലുണ്ടെന്നും സോന നായര്‍ പറഞ്ഞു. ഇന്നും ആ സിനിമയെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഇതെല്ലാമാണ് ഓര്‍മ വന്നതെന്നും മുരളിയെപ്പോലെ ഒരു വലിയ നടനൊപ്പം അഭിനയിച്ചത് വലിയ കാര്യമാണെന്നും സോന നായര്‍ കൂട്ടിച്ചേര്‍ത്തു.

മുരളിയെപ്പോലൊരു വലിയ നടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചതും ആ സിനിമയില്‍ അവാര്‍ഡ് കിട്ടിയതും വലിയ കാര്യമാണെന്നും സോന നായര്‍ പറഞ്ഞു. ഓരോ സീന്‍ എടുത്തതിന് ശേഷവും മുരളിയോട് സംവിധായകനും ക്രൂ മെമ്പര്‍മാരും അദ്ദേഹത്തിന് അവാര്‍ഡ് കിട്ടുമെന്ന് പറയാറുണ്ടായിരുന്നെന്നും അത്രക്ക് മികച്ച പെര്‍ഫോമന്‍സായിരുന്നെന്നും സോന കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സോന നായര്‍.

‘ഒരുപാട് കഷ്ടപ്പാട് ആ സിനിമക്ക് പിന്നിലുണ്ടായിരുന്നു. പ്രിയനന്ദന്‍ സാറിന്റെ ആദ്യത്തെ സിനിമയായിരുന്നു അത്. പുതിയ നടന്റെ സിനിമയായതുകൊണ്ട് ഷൂട്ട് തുടങ്ങുന്ന ദിവസം അതിന്റെ പ്രൊഡ്യൂസര്‍ മുങ്ങി. എന്ത് ചെയ്യുമെന്നറിയാതെ ഷൂട്ട് തുടങ്ങിവെച്ചു. പിന്നീട് പലരും കൈയില്‍ നിന്ന് പൈസയിട്ടാണ് ആ സിനിമ കംപ്ലീറ്റ് ചെയ്തത്.

എനിക്ക് ഇന്നും മനസിലാകാത്ത കാര്യം, ആ പടത്തിന്റെ സെറ്റിലുണ്ടായിരുന്നവര്‍ക്ക് എങ്ങനെ ഭക്ഷണം കിട്ടി എന്നാണ്. ഒരുപാട് കഷ്ടപ്പെട്ട് ആ സിനിമ കംപ്ലീറ്റ് ചെയ്തു. ഒടുവില്‍ ആ പടത്തിന് കുറെ അവാര്‍ഡ് കിട്ടി. ഓരോ സീന്‍ കഴിയുമ്പോഴും മുരളിചേട്ടനോട് സംവിധായകനും ക്രൂവിലുള്ള മറ്റ് ആള്‍ക്കാരും അദ്ദേഹത്തോട് ‘ചേട്ടന് നാഷണല്‍ അവാര്‍ഡിനുള്ള സ്‌കോപ്പ് ഉണ്ട്’ എന്ന് പറയുമായിരുന്നു. അത്രക്ക് ഗംഭീര പെര്‍ഫോമന്‍സായിരുന്നു മുരളിചേട്ടന്‍,’ സോന നായര്‍ പറയുന്നു.

Content Highlight: Sona Nair shares the shooting experience of Neythukaran movie and Murali