| Sunday, 8th December 2024, 8:39 am

ആ മലയാള നടനൊരു ലെജന്‍ഡ്; കോമഡി ചെയ്യുമെങ്കിലും നമ്മളേക്കാള്‍ വലിയ ബുദ്ധിജീവി: സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്യാമറക്ക് മുന്നില്‍ വരുമ്പോള്‍ നടന്‍ ജഗതിക്ക് ഉണ്ടാകുന്ന ട്രാന്‍സിഷന്‍ ചെറുതല്ലെന്നും അത്രയേറെ സീരിയസായി ഇരുന്ന ആള്‍ ക്യാമറയുടെ മുന്നില്‍ എത്തുമ്പോള്‍ മാറുമെന്നും പറയുകയാണ് നടി സോന നായര്‍. അത് കണ്ടാല്‍ അമ്പരന്ന് പോകുമെന്നും അദ്ദേഹമാണോ ഇദ്ദേഹമെന്ന് തോന്നുമെന്നും നടി പറയുന്നു.

ജഗതി വളരെയധികം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണെന്നും ഓരോ കാര്യങ്ങളെ കുറിച്ചും വളരെയധികം അറിവുണ്ടെന്നും സോന പറയുന്നു. ചില സമയത്ത് കോമഡിയൊക്കെ ചെയ്യുന്ന ആളിനൊപ്പമാണോ സംസാരിക്കുന്നതെന്ന സംശയം തോന്നുമെന്നും നടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോന നായര്‍.

‘അമ്പിളി ചേട്ടനെയൊക്കെ കാണുമ്പോള്‍ നമ്മളുടെ മനസില്‍ പല കഥാപാത്രങ്ങളെയും ഓര്‍മ വരും. പക്ഷെ അവരൊക്കെ സിനിമയില്‍ കോമഡി ചെയ്യുമെങ്കിലും അല്ലാത്ത സമയത്ത് അങ്ങനെയല്ല. പകരം നമ്മളേക്കാള്‍ വളരെ ബുദ്ധിജീവി ആയിട്ടുള്ള ആളുകളാണ്.

നമുക്ക് അവരെ കാണുമ്പോഴും അവരുമായി സംസാരിക്കുമ്പോഴും ഒരിക്കലും അവര്‍ സിനിമയില്‍ ഇങ്ങനെ തുടര്‍ച്ചയായി കോമഡി ചെയ്യുന്ന ആളാണെന്ന് തോന്നുകയേയില്ല. കോമഡിയൊക്കെ ചെയ്യുന്ന ആളിനൊപ്പമാണോ ഞാന്‍ സംസാരിക്കുന്നത് എന്ന സംശയം പോലും തോന്നാം. അത്തരത്തിലുള്ള ആളുകളാണ്.

അമ്പിളി ചേട്ടന്‍ അതിന് നല്ല ഉദാഹരണമാണ്. അദ്ദേഹം വളരെയധികം പുസ്തകങ്ങള്‍ വായിക്കുന്ന ആളാണ്. ഓരോ കാര്യങ്ങളെ കുറിച്ചും വളരെയധികം അറിവുള്ള ആളുമാണ്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ചാണക കുഴിയില്‍ വീഴുന്ന സീനൊക്കെ ഓര്‍മയുണ്ടെങ്കിലും സംസാരം ആ ട്രാക്കിലാകില്ല.

അദ്ദേഹമൊക്കെ ഒരു ലെജന്‍ഡാണ്. ക്യാമറക്ക് മുന്നില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ട്രാന്‍സിഷന്‍ ചെറുതല്ല. അത്രയേറെ സീരിയസായി ഇരിക്കുന്ന ആള്‍ ക്യാമറയുടെ മുന്നില്‍ എത്തുമ്പോള്‍ മാറും. സഹിക്കാന്‍ പറ്റില്ല, നമ്മള്‍ അമ്പരന്ന് പോകും. അദ്ദേഹമാണോ ഇദ്ദേഹമെന്ന് തോന്നും,’ സോന നായര്‍ പറഞ്ഞു.

Content Highlight: Sona Nair Says Jagathy Sreekumar Is A Legend In Malayalam Movie

Video Stories

We use cookies to give you the best possible experience. Learn more