|

'എത്ര കഥാപാത്രങ്ങള്‍ ചെയ്തു, അതിന്റെയൊക്കെ പേര് വരെ മറന്നു, കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നു'; സോന നായര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ടെലിവിഷന്‍ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായര്‍. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ സോന മോഹന്‍ലാല്‍ ചിത്രമായ നരനില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.

ചിത്രത്തിലെ കുന്നുമ്മല്‍ ശാന്ത എന്ന കഥാപാത്രത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് സോന. കൗമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോന മനസ്സുതുറന്നത്.

‘ഇപ്പോഴും എനിക്ക് നിറയെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന കഥാപാത്രമാണ് കുന്നുമ്മല്‍ ശാന്ത. ഇപ്പോഴും നിരവധി പേര്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഹലോ കുന്നുമ്മല്‍ ശാന്ത എന്നൊക്കെ പറയാറുണ്ട്.

ഞാന്‍ എത്ര കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ കഥാപാത്രങ്ങളുടെ പേര് വരെ മറന്നുപോയിട്ടുണ്ട്. കുന്നുമ്മല്‍ ശാന്തയെ ഇപ്പോഴും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ കഥാപാത്രത്തിന്റെ ആഴം കൊണ്ടുതന്നെയാണ്.

അതിന് ശേഷം, എന്നാല്‍ പിന്നെ സോന നായര്‍ അങ്ങനെയുള്ള ക്യാരക്ടര്‍ ഒക്കെ ചെയ്യുമെന്ന് വിചാരിച്ച് പിന്നീട് വന്ന  പ്രോജക്ടുകളില്‍  ഇതുപോലെയുള്ള കഥാപാത്രങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവെച്ചു,’ സോന നായര്‍ പറഞ്ഞു.

അങ്ങനെയുള്ള ചോദ്യങ്ങളോട് സോന എങ്ങനെ പ്രതികരിച്ചുവെന്ന അവതാരകയുടെ ചോദ്യത്തിന് അത്തരം കഥാപാത്രങ്ങള്‍ താന്‍ ചെയ്യില്ല എന്നാണ് സോന പറഞ്ഞത്.

സീരിയലുകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന സോന ദുരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതില്‍ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു.

1996ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Sona Nair Opens About Kunnummal Shantha Character In Naran Movie

Latest Stories

Video Stories