| Wednesday, 11th July 2018, 1:09 am

പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനം ലഭിച്ചില്ല; മാതാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത് ബൈക്കില്‍ കെട്ടിവെച്ച്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മാതാവിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് മകന്‍ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചു.

തിക്കാംഘര്‍ ജില്ലയിലെ മസ്താപുര്‍ ഗ്രാമത്തിലെ കുണ്‍വാര്‍ ഭായി എ്ന്ന സ്ത്രീയാണ് പാമ്പു കടിയേറ്റു മരിച്ചത്. കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്നു പൊലീസ് പറയുന്നു.

പിന്നീട് 35 കിലോമീറ്റര്‍ അകലെയുള്ള പോസ്റ്റ്മോര്‍ട്ടം സെന്ററിലേക്ക് മൃതദേഹം കൊണ്ടുപോകാനായി മകനായ രാജേഷിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പൊലീസ് രാജേഷിനു മൃതദേഹം കൊണ്ടുപോകാനുള്ള വാഹനമൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റു വഴികളിലില്ലാത്തതിനാല്‍ രാജേഷ് ബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ മൃതദേഹം കെട്ടിവെച്ച് കിലോമീറ്ററുകള്‍ ഓടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരിച്ചു വീട്ടിലെത്തിക്കാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് നല്‍കുകയായിരുന്നു.

രാജേഷ് അമ്മയുടെ മൃതദേഹവുമായി ബൈക്കില്‍ പോകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിനും അധികാരികള്‍ക്കുമെതിരെ പ്രതിഷേധമുയരുന്നുണ്ട്.

പാമ്പുകടിയേറ്റ മാതാവിനെ അമ്പലത്തിലേക്കു കൊണ്ടുപോയാല്‍ സുഖപ്പെടുമെന്ന വിശ്വാസത്തിലായിരുന്നു രാജേഷെന്നും പിന്നീടാണ്് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വാദം.

108 വിളിച്ചിരുന്നെങ്കില്‍ മാതാവിനെ ആശുപത്രിയിലെത്തിക്കാനുള്ള വാഹനം രാജേഷിനു ലഭിക്കുമായിരുന്നു എന്നാണ് കളക്ടറായ അഭിജീത് അഗര്‍വാള്‍ വിഷയത്തില്‍ പ്രതികരിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more