ഷാജഹാന്‍പൂര്‍: അസാറാം ബാപ്പു കേസിലെ സാക്ഷിയുടെ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി. ഷാജഹാന്‍പൂരില്‍ വച്ച് കാറിലെത്തിയ രണ്ടു പേര്‍ പതിനാറുകാരനായ ധീരജ് വിഷ്‌കര്‍മയെ തട്ടിക്കൊണ്ടു പോയതായും, ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ധീരജ് വീട്ടില്‍ തിരികെയെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.
സ്വയംപ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പു ഉള്‍പ്പെട്ട കൊലപാതകക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ധീരജിന്റെ പിതാവ് രാംശങ്കര്‍ വിഷ്‌കര്‍മ. ബാപ്പു പ്രതിയായ പീഡനക്കേസിലെ മുഖ്യ സാക്ഷിയായിരുന്ന കൃപാല്‍ സിംഗ് 2015ല്‍ വെടിയേറ്റു മരിച്ചിരുന്നു. ഈ സംഭവത്തില്‍ സാക്ഷിമൊഴി നല്‍കിയയാളാണ് രാംശങ്കര്‍. ഏപ്രില്‍ 24നാണ് അസാറാം ബാപ്പുവിനെ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പോക്‌സോ കോര്‍ട്ട് ആജീവനാന്തം തടവിനു വിധിച്ചത്.
മൊഴി നല്‍കാന്‍ രാംശങ്കര്‍ ജൂണ്‍ ഏഴിന് ഷാജഹാന്‍പൂര്‍ കോടതിക്കു മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ സാധിക്കാഞ്ഞതിനാല്‍ ജൂണ്‍ 28നു വീണ്ടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് മകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നത്.
വീടിനു മുന്നില്‍ നിന്നിരുന്ന തന്നെ കാറിലെത്തിയ ഇരുവര്‍സംഘം ബോധം കെടുത്തി കടത്തിക്കൊണ്ടു പോകുകയായിരുന്നെന്നും, താന്‍ അവരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നുവെന്നും വീട്ടില്‍ തിരിച്ചെത്തിയ ധീരജ് മാധ്യമങ്ങളോടു പറഞ്ഞു. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ മീററ്റിലാണുള്ളതെന്ന് മനസ്സിലായത്. തട്ടിക്കൊണ്ടുപോയവര്‍ ചില സാധനങ്ങള്‍ വാങ്ങിക്കാനായി വഴിയില്‍ കാറു നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടി മീററ്റ് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നെന്നും ധീരജ് പറയുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം അന്വേഷണത്തിനായി പൊലീസ് സംഘം രാംശങ്കറിന്റെ വീട്ടിലെത്തുകയും, ധീരജിനെ അവിടെ കാണുകയും ചെയ്തതായി എസ്.പി ദിനേഷ് ത്രിപാഠി മാധ്യമങ്ങളെ അറിയിച്ചു. തുടര്‍ന്നും അന്വേഷണം മുന്നോട്ടു പോകുന്നതായും എസ്.പി. പറഞ്ഞു.
അസാറാമിനോ കൂട്ടാളികള്‍ക്കോ എതിരെ മൊഴി നല്‍കാതിരിക്കാനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് മകനെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിക്കുന്നതായി രാംശങ്കര്‍ പറയുന്നു.