| Tuesday, 25th August 2020, 8:45 pm

'എല്ലാം ശരിയായി വരുന്നു, എസ്.പി.ബിയുടെ ആരോഗ്യനിലയില്‍ പുരോഗതി'; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് മകന്‍ ചരണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മകന്‍ എസ്.പി.ബി ചരണ്‍. എസ്.പി.ബി ആളുകളെ തിരിച്ചറിയാന്‍ തുടങ്ങിയതായും ചരണ്‍ ട്വീറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ അറിയിച്ചു.

‘ഡോക്ടര്‍മാരുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ട്. എല്ലാം ശരിയായി വരുന്നു.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് ആളുകളെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹം മയക്കത്തില്‍ നിന്നും 90 ശതമാനവും പുറത്ത് കടന്നിട്ടുണ്ട്. ചികിത്സയോടും അദ്ദേഹം പ്രതികരിച്ചു തുടങ്ങി.

അച്ഛന് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു,’ ചരണ്‍ വീഡിയോയില്‍ പറഞ്ഞു.

ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും വെന്റിലേറ്റര്‍ സഹായത്തോടെ തന്നെയാണ് ഇപ്പോഴും കഴിയുന്നതെന്നും എസ്.പി.ബി ചരണ്‍ പറഞ്ഞു.

ചെന്നൈയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബി ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അദ്ദേഹം മരണപ്പെട്ടുവെന്നടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

നേരത്തെ അദ്ദേഹം കൊവിഡ് നെഗറ്റീവായെന്ന തരത്തിലും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് ചരണ്‍ തന്നെ വ്യക്തമാക്കി.

എസ്.പി.ബിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി എന്ന് മകന്‍ ചരണ്‍ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തനിക്ക് കൊവിഡ് ബാധിച്ച വിവരം എസ്.പി.ബി തന്നെയാണ് ആരാധാകരെ അറിയിച്ചിരുന്നത്.

തനിക്ക് കുറച്ചുദിവസമായി പനിയും ജലദോഷവും നെഞ്ചില്‍ അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗുരുതരമല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ തുടരാനാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ കുടുംബാംഗങ്ങളുടെ സുരക്ഷയോര്‍ത്ത് താന്‍ ആശുപത്രിയിലേക്ക് മാറുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം എസ്.പി.ബിക്ക് രോഗം പകര്‍ന്നത് തെലുങ്ക് ടിവി ഷോയില്‍ നിന്നാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ആ ഷോയില്‍ പങ്കെടുത്ത ഗായിക മാളവികയ്ക്കും രോഗം സ്ഥീരികരിച്ചിരുന്നു. ഇതിനിടെ മാളവികയ്ക്കെതി െര എസ്.പി.ബി അടക്കമുള്ള നിരവധി പേര്‍ക്ക് കൊവിഡ് രോഗം പകര്‍ത്തിയത് ഗായികയാണെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ എസ്.പി.ബിക്ക് രോഗം സ്ഥിരീകരിച്ചതിന് ശേഷമാണ് തനിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നതെന്നും മാളവിക വ്യക്തമാക്കിയിരുന്നു.

ജൂലൈ 30നായിരുന്നു മാളവിക, ഹേമചന്ദ്ര, അനുദീപ്, പ്രണവി, ലിപ്‌സിക, തുടങ്ങിയ ഗായകര്‍ക്കൊപ്പം എസ്.പി.ബി പങ്കെടുത്ത ടി വി ഷോയുടെ ഷൂട്ട് നടന്നത്. എസ് പി ബിയ്ക്കും മാളവികയ്ക്കും പുറമെ ഗായിക സുനിത ഉപദ്രസ്തയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Son of S.P Balasubrahmanyam SPB Charan says father responding to doctors and treatment

We use cookies to give you the best possible experience. Learn more